സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന മദ്രസകളില്ല; കേന്ദ്ര നിര്‍ദേശം കേരളത്തെ ബാധിക്കില്ല

Share our post

 തിരുവനന്തപുരം: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരുമില്ല. അതിനാല്‍ തന്നെ കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തിന് ബാധകമാകില്ല. ഇത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക. അത്തരം ബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ആകെയുള്ളത് മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി മാത്രമാണ്. ഇതും പ്രതിമാസം അവരിൽ നിന്ന് പിരിക്കുന്ന തുകയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനാണ് ഉപയോഗിക്കുന്നത്. മദ്രസാ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. ക്ഷേമനിധിയില്‍ മദ്രസ മാനേജ്മെന്റും മദ്രസയിലെ അധ്യാപകരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്റെ പലിശ പോലും മതവിരുദ്ധമായതിനാല്‍ ക്ഷേമനിധിയിലേക്ക് വാങ്ങാറുമില്ല.

ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റെതില്ല. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുന്നതാണ്. സംസ്ഥാനത്ത് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് അതാത് മഹല്ല് കമ്മിറ്റികള്‍ക്ക് കീഴിലാണ്. ഇത്തരം മദ്രകള്‍ അടച്ചുപൂട്ടിക്കുമെന്ന പ്രചരണം ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും.

കേരളം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഇക്കാര്യത്തിലും നിലകൊള്ളുന്നത്. കേരളത്തില്‍ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നേടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെയാണ്. എന്നാല്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങി നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതല്ല സാഹചര്യം. പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങള്‍ കുറവുള്ള ചില മേഖലകളില്‍ മദ്രസകളെയാണ് വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ തന്നെ 120 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസകളുണ്ട്. ഏതാണ്ട് 17 ലക്ഷം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള 16500 മദ്രസകളുണ്ട്. ഇതില്‍ 500 എണ്ണത്തിന് സര്‍ക്കാര്‍ ഫണ്ടും കൊടുക്കുന്നുണ്ട്. ഇതേപോലെ ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇത്തരം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് മതവിശ്വാസത്തിലുള്ളവരും മദ്രസകളില്‍ പഠിക്കുന്നുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം മദ്രസകള്‍ക്കാണ് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനം ബാധിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!