യാത്ര ദുഷ്കരം, അപകടങ്ങൾ പതിവ്; ദുർഘട പാതയായി മാക്കൂട്ടം ചുരം റോഡ്

ഇരിട്ടി: യാത്ര ദുഷ്കരമായി അന്തർ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂരു റോഡ്. ഇതിൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ 17 കി.മീറ്ററോളം വരുന്ന മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെടുന്ന കാനന പാതയാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊല്ലികളുമുള്ള റോഡ് ഇന്ന് അപകടപാതയാണ്. അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് പാതയിൽ ഉണ്ടായത്.
വീതി കുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകൾ മൂലം റോഡിൽനിന്ന് വാഹനമിറക്കിയാൽ അപകടം ഉറപ്പാണ്. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റ് യാത്ര ബസുകളും അടക്കം 60ഓളം ബസുകൾ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും, വീരാജ്പേട്ട, മടിക്കേരി അടക്കമുള്ള നഗരങ്ങളിലേക്കും ഇതുവഴി കടന്നു പോകുന്നു. കൂടാതെ ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളിൽനിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച മരം കയറ്റിവന്ന ലോറിയും കോഴി വണ്ടിയും മറിഞ്ഞതിനെ തുടർന്ന് എട്ടുമണിക്കൂറിലേറെയാണ് ചുരം പാതയിൽ ഗതാഗത തടസ്സമുണ്ടായത്. ഒരു വാഹനത്തിനും കടന്നുപോകാനാവാത്ത വിധം റോഡ് പൂർണമായും തടസ്സപ്പെട്ടു. വീരാജ്പേട്ടയിൽനിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു.