മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ടു

Share our post

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ബാബ സിദ്ദീഖി വെടിയേറ്റു കൊല്ലപ്പെട്ടു. ബാന്ദ്ര ഈസ്റ്റ് എംഎല്‍എയായ മകന്‍ സീഷാന്റെ ഓഫീസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ദസറാ ദിനമായ ഇന്നലെ രാത്രിയാണ് സംഭവം. ഉടന്‍ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബാ സിദ്ദീഖിയുടെ അനുയായിക്കും വെടിയേറ്റു. സംഭവത്തില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ ആറു തവണ വെടിവെച്ചെങ്കിലും നാലു ബുള്ളറ്റുകളാണ് ബാബയുടെ ശരീരത്തില്‍ തുളച്ചു കയറിയത്. കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മഹാരാഷ്ട്രയില്‍ സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സിദ്ദീഖിയെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായതിന് തെളിവാണ് കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു. പോലിസുമായും ആശുപത്രിയിലെ ഡോക്ടര്‍മാരുമായും സംസാരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ‘സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്, രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റേയാള്‍ ഹരിയാനയില്‍ നിന്നും വന്നതാണ്. ഒരാളെ പിടികൂടാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കര്‍ശന നടപടിയെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെട്ടു. മുംബൈയില്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല.”-ഷിന്‍ഡെ പറഞ്ഞു. സിദ്ദിഖിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഞട്ടിപ്പോയെന്നും നല്ലൊരു സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയും നഷ്ടമായെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ എക്‌സില്‍ കുറിച്ചു. ബാന്ദ്ര വെസ്റ്റില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിരുന്ന സിദ്ദിഖ് 48 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ പാര്‍ട്ടി വിട്ട് അജിത് പവാറിന്റെ എന്‍സിപിയില്‍ ചേരുകയായിരുന്നു. സീഷന്‍ സിദ്ദീഖിയെ ആഗസ്റ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. 1999, 2004, 2009 വര്‍ഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദിഖി 2004 മുതല്‍ 2008 വരെ ഭക്ഷ്യസിവില്‍ സപ്ലൈസ്, തൊഴില്‍, എഫ്ഡിഎ എന്നിവയുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള ശീതസമരം 2013ല്‍ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ടിയില്‍ പരിഹരിച്ചു. മരണ വാര്‍ത്തയറിഞ്ഞ് സല്‍മാന്‍ ഖാനും നടന്‍ സഞ്ജയ് ദത്തും ആശുപത്രിയില്‍ എത്തി. അതേസമയം, മുംബൈയില്‍ സുരക്ഷ ഇല്ലാതായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. വൈ ലെവല്‍ സുരക്ഷയുള്ള ഒരു രാഷ്ട്രീയക്കാരനെ എങ്ങനെയാണ് ബാന്ദ്ര പോലുള്ള പ്രദേശത്ത് പരസ്യമായി കൊല്ലാന്‍ കഴിയുകയെന്ന് എന്‍സിപി (ശരദ് പവാര്‍) അധ്യക്ഷന്‍ ശരദ് പവാര്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ കുറ്റവാളികളെ പിന്തുണയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെറ്റിവാര്‍ ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!