അഴീക്കോട്‌ ഒരു രൂപക്ക്‌ ഒരു ലിറ്റർ വെള്ളം

Share our post

അഴീക്കോട്:ഒരുരൂപയ്‌ക്ക്‌ ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എടിഎം അഴീക്കോട് ചാൽ ബീച്ചിൽ ശനിയാഴ്‌ച രാവിലെ പ്രവർത്തനം തുടങ്ങും. അഴീക്കോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി സിഎഫ്സി ടൈഡ് ഫണ്ടിൽനിന്ന്‌ 4,89,000 രൂപ ചെലവിൽ ഇ മാർക്കറ്റ് പ്ലേയ്സ്(ജെഇഎം) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തണുത്തതും ചൂടുള്ളതും സാധാരണ വെള്ളവും എടിഎമ്മിലുണ്ടാകും. ലിറ്ററിന് ഒരുരൂപയും അഞ്ച് ലിറ്ററിന് അഞ്ച് രൂപയുടെ കോയിനും എടിഎമ്മിൽ നിക്ഷേപിച്ച് ഓപ്ഷൻ ബട്ടൺ അമർത്തിയാൽ വെള്ളം ലഭിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനവുമുണ്ട്.കടൽക്കാറ്റടിച്ച് തുരുമ്പ് പിടിക്കാതിരിക്കാൻ പ്രത്യേക മെറ്റൽ ഉപയോഗിച്ചാണ് എടിഎം നിർമിച്ചത്. കോയിൻ ഇടുന്ന ഭാഗത്തൂടെ മണൽ അകത്തേക്ക് കയറാതിരിക്കാൻ ഷട്ടറും സ്ഥാപിച്ചിട്ടുണ്ട്. പൈപ്പ് ലൈൻ വഴിയെത്തുന്ന വെള്ളം ശുദ്ധീകരിച്ചാണ് വിതരണം.

വെള്ളം ശേഖരിക്കാൻ സ്ഥാപിച്ച ടാങ്കിന് 1, 000 ലിറ്റർ സംഭരണശേഷിയുണ്ട്. കൂടുതൽ സഞ്ചാരികളെത്തുന്ന ഇടമായതിനാലാണ് ചാൽ ബീച്ച് തെരഞ്ഞെടുത്തത്. ബീച്ചിന്റെ പ്രവേശനകവാടത്തിലും പാർക്കിന് അകത്തുമായി രണ്ട് വാട്ടർ എടിഎമ്മാണ് സ്ഥാപിച്ചത്.വൻകുളത്തുവയൽ, മൂന്നുനിരത്ത്, പൂതപ്പാറ, പഞ്ചായത്ത് മിനി സ്റ്റേഡിയം, അഴീക്കോട് പഞ്ചായത്തിന് സമീപം, അഴീക്കൽ പോർട്ട് ഓഫീസ് എന്നിവിടങ്ങളിലും വാട്ടർ എടിഎം സ്ഥാപിക്കും. ഫറോക്കിലെ ആക്സിയം അക്ക്വാ സോല്യൂഷൻസാണ് എടിഎം സ്ഥാപിച്ചത്. ശുദ്ധമായ കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി പരിസര മലിനീകരണം തടയുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്നും പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ നടപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ് പറഞ്ഞു. വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം ശനി പകൽ 11ന് കെ വി സുമേഷ് എം.എൽ.എ നിർവഹിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!