മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം

Share our post

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2025 സെഷൻ പ്രവേശനത്തിനായി നടത്തുന്ന ഐ.എൻ.ഐ.- എസ്.എസ്. എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം. ഡി.എം./എംസി.എച്ച്., എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്.

സ്ഥാപനങ്ങൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) -ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോദ്പുർ, പട്‌ന, റായ്പുർ, ഋഷികേശ്, ബട്ടിൻഡ, നാഗ്പുർ, ബിലാസ്പുർ, മംഗളഗിരി, രാജ്‌കോട്ട്, ഗോരഖ്പുർ, ബിബിനഗർ, റായ്ബറേലി), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) -പുതുച്ചേരി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) -ബെംഗളൂരു, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) -ചണ്ഡീഗഢ്‌, ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്‌ ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.) -തിരുവനന്തപുരം.

അക്കാദമിക് യോഗ്യത

ഡി.എം./എംസി.എച്ച്. പ്രവേശനത്തിന് സ്പെഷ്യാലിറ്റി അനുസരിച്ച് നിശ്ചിത സ്പെഷ്യലൈസേഷനിലെ എം.ഡി./ ഡി.എം./ഡി.എൻ.ബി. യോഗ്യതവേണം. എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) പ്രവേശനത്തിന് എം.ബി.ബി.എസ്. ബിരുദംവേണം. സ്ഥാപനത്തിനനുസരിച്ച് പ്രായവ്യവസ്ഥ ഉണ്ടാകും.

തിരഞ്ഞെടുപ്പിന് രണ്ടുഘട്ടങ്ങൾ

ആദ്യഘട്ടം ഒക്ടോബർ 25-ന് നടത്തുന്ന ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എൻട്രൻസ് പരീക്ഷയാണ്. ആദ്യഘട്ടം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഒരു മാർക്ക് വീതമുള്ള 80 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ മൂന്നിൽ ഒരുമാർക്ക് വീതം കുറയ്ക്കും. യോഗ്യതാകോഴ്‌സിൽ നിന്നുമുള്ള ജനറൽ/ബേസിക് ചോദ്യങ്ങളും സ്പെഷ്യാലിറ്റി കോഴ്‌സിന്റെ സബ് സ്പെഷ്യാലിറ്റി/സിസ്റ്റംസ്/കമ്പോണന്റ് ഭാഗത്തുനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. തിരുവനന്തപുരവും ആദ്യ ഘട്ടത്തിലെ പരീക്ഷാകേന്ദ്രമാണ്.ആദ്യഘട്ടത്തിൽ യോഗ്യത നേടാൻ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. ആദ്യഘട്ടത്തിൽ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി റാങ്ക് പട്ടിക (കോമൺ മെറിറ്റ് ലിസ്റ്റ്) തയ്യാറാക്കും. ഈ പട്ടിക അടിസ്ഥാനമാക്കിയാകും എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനം.

അപേക്ഷയിൽ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവ ഓപ്റ്റ് ചെയ്ത, ആദ്യഘട്ടപരീക്ഷയിൽ യോഗ്യത നേടിയ നിശ്ചിത എണ്ണം അപേക്ഷകരെ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവയിലെ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ടത്തിന് വിളിക്കും. ഇതിന് 20 മാർക്ക് ഉണ്ടായിരിക്കും.രണ്ടുഘട്ട പരീക്ഷകളിലുമായി മൊത്തം 50 ശതമാനം മാർക്കു ലഭിക്കുന്നവരെ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവയിലെ പ്രവേശനത്തിനായുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. അപേക്ഷ iniss.aiimsexams.ac.in/ വഴി ഒക്ടോബർ 14 വൈകീട്ട് അഞ്ചുവരെ നൽകാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!