ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

തളിപ്പറമ്പ്∙ സംസ്ഥാനാന്തര ചന്ദനക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 8 പേരെ തളിപ്പറമ്പ് വനംവകുപ്പ് പിടികൂടി. ഇവരിൽ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.ഓലയമ്പാടി പെരുവാമ്പ പി.വി.നസീർ (43), പെരുന്തട്ട വത്സൻ രാമ്പേത്ത് (43) എം.ചിത്രൻ (42), കൂവപ്രത്ത് ശ്രീജിത്ത്(37) എന്നിവരെയുമാണ് റേഞ്ച് ഓഫിസർ പി.രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചന്ദനം വിൽക്കാനുള്ള ശ്രമത്തിൽ പിടിയിലായ മറ്റു 4 പേരെ ചോദ്യം ചെയ്ത് വരികയാണ്.ശ്രീജിത്തിന്റെയും ചിത്രന്റെയും കയ്യിൽ നിന്നാണ് ചന്ദനം പിടികൂടിയത്. ജൂൺ 4ന് മലയാളികൾ ഉൾപ്പെടെ 6 പേരെ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 1650 കിലോഗ്രാം ചന്ദനവുമായി സേലത്തുവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിൽ പ്രതികളായ മലപ്പുറം സ്വദേശി ഐ.ടി.മുഹമ്മദ് അബ്രാൽ, എ.പി.മുഹമ്മദ് മിഷാൽ എന്നിവരെ ചോദ്യം ചെയ്തപ്പോൾ പെരുവാമ്പയിലെ പി.വി.നസീർ മുഖേനെയാണ് ഇവർക്ക് ചന്ദനം ലഭിക്കുന്നതെന്ന് മനസ്സിലായി. തുടർന്ന് നസീറും ഇയാൾക്കുവേണ്ടി പണമിടപാട് നടത്തുന്ന വത്സനും പിടിയിലായി.