പൊട്ടിപ്പൊളിഞ്ഞ് അടക്കാത്തോട് റോഡ്

അടക്കാത്തോട് : വേനലിൽ കുഴിയടച്ച റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞതോടെ കേളകം അടയ്ക്കാത്തോട് റോഡിൽ വാഹനയാത്ര ദുരിതമാകുന്നു. അടയ്ക്കാത്തോട് മുതൽ ഇരുട്ടുമുക്ക് വരെയുള്ള ഭാഗത്തെ റോഡാണ് തകർന്നത്. പാറത്തോട് കുടിവെള്ള സംഭരണിയുടെ സമീപത്താകട്ടെ വലിയ കുഴികൾ തന്നെ രൂപപ്പെട്ടിരിക്കുന്നു. കാൽനട യാത്രക്കാർക്ക് റോഡരികിലെ കൃഷിയിടങ്ങളിലൂടെ കയറി നടക്കേണ്ട അവസ്ഥയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തിരിച്ചറിയാതെ ബൈക്കും സ്കൂട്ടറും മറ്റ് ചെറു വാഹനങ്ങളും കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്.ചെട്ടിയാംപറമ്പ് മുതൽ അടയ്ക്കാത്തോട് വരെയും റോഡ് പൂർണമായി തകർന്ന അവസ്ഥയിലാണ്. അടയ്ക്കാത്തോട്ടിൽ നിന്ന് ശാന്തിഗിരിയിലേക്കുള്ള റോഡും തകർന്നു തുടങ്ങിയിട്ടുണ്ട്. ബസ് സർവീസുകളടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡായിട്ടും അറ്റകുറ്റ പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. അടക്കാത്തോട്ടിൽ നിന്ന് കേളകത്തേക്കുള്ള എട്ട് കിലോമീറ്റർ ദൂരത്തിൽ കേളകം മുതൽ ഇരുട്ടുമുക്ക് വരെ രണ്ട് കിലോമീറ്റർ ദൂരം മെക്കാഡം ടാറിങ്ങാണ്. റോഡ് പൂർണമായി മെക്കാഡം ടാറിങ് നടത്തണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.