കളിക്കാനൊരു പന്ത് തരുമോ സര്‍ക്കാരേ; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

Share our post

‘പ്രിയപ്പെട്ട ഗവണ്‍മെന്റ്, ഞങ്ങള്‍ എല്ലാ ദിവസവും ഫുട്ബോള്‍ കളിക്കാറുണ്ട്. ജയവും തോല്‍വിയുമുണ്ടാകാറുണ്ടെങ്കിലും കളിക്കാന്‍ നല്ല ഒരു ഫുട്ബോള്‍ ഇല്ലെന്ന വലിയ വിഷമത്തിലാണ് ഞങ്ങള്‍. പൊട്ടിയ ബാസ്‌കറ്റ്‌ബോള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ദിവസവും ഫുട്ബോള്‍ കളിക്കുന്നത്. ഗവണ്‍മെന്റ് ഒരു ഫുട്ബോള്‍ വാങ്ങിതരാമോ’.കുടുംബശ്രീയുടെ നേതൃത്വത്തില്‍ നായരങ്ങാടി ഗവ. യു.പി. സ്‌കൂളില്‍ നടത്തിയ ബാലസഭയ്ക്കു മുന്നോടിയായി സ്ഥാപിച്ച ചോദ്യപ്പെട്ടിയില്‍ ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍ എഴുതിയിട്ട കത്തിലെ വരികളാണിത്.

കത്ത് കിട്ടിയ കോടശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമത്തില്‍ കൗതുകപൂര്‍വം കത്ത് പോസ്റ്റ് ചെയ്തു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട കോടശ്ശേരിയിലെ ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികള്‍ക്കു മൂന്നു ഫുട്ബോളുകള്‍ വാങ്ങിനല്‍കിയത്.ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഹൃദ്വിന്‍, ഹാരിദ്, നീരജ് എന്നിവര്‍ക്ക് ബോള്‍ കൈമാറി. വാര്‍ഡ് അംഗം ഇ.എ. ജയതിലകന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ലിവിത വിജയകുമാര്‍ അധ്യക്ഷയായി. പ്രധാനാധ്യാപിക എച്ച്. ബബിത, വി.ജെ. വില്യംസ്, എന്‍.എസ്. സജിത്ത്, കെ. ഷമീര്‍, കെ.എസ്. രാഹുല്‍, ഐ.എസ്. വിഷ്ണു, രമ്യ ബാബു എന്നിവര്‍ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!