ഓട്ടോമേറ്റഡ് ടെസ്റ്റിങ്; സംസ്ഥാന ബ്രേക്കിട്ടാൽ കേന്ദ്രം ഇടപെടും

യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങള്‍ക്ക് (ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റര്‍) സംസ്ഥാനം അനുമതി നല്‍കിയില്ലെങ്കില്‍ ഉപരിതല ഗതാഗതമന്ത്രാലയം നല്‍കും. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തിക്കൊണ്ട് വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം. ഇതിനുവേണ്ടി കേന്ദ്ര മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്യും. 2022-ല്‍ പ്രഖ്യാപിച്ച പദ്ധതി വൈകുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്.ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ സോഫ്റ്റ്വെയർ വഴിയാണ് ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.
സംസ്ഥാനം നടപടി എടുത്തില്ലെങ്കില്‍ അപേക്ഷകര്‍ക്ക് കേന്ദ്രത്തെ സമീപിക്കാനാകും. 2024 ഒക്ടോബര്‍മുതല്‍ ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആറുമാസത്തെ സാവകാശംകൂടി അനുവദിച്ചിട്ടുണ്ട്.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കൊപ്പം ഫിറ്റ്നസ് കേന്ദ്രങ്ങളും ഒരുക്കണം. പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളാണ് പൊളിക്കേണ്ടത്. സംസ്ഥാനത്ത് റെയില്‍വേയുടെ സഹകരണത്തോടെ രണ്ട് പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
19 കേന്ദ്രങ്ങള്‍ക്ക് നീക്കം
കേന്ദ്ര ഇടപെടല്‍ ഉറപ്പായതോടെ 19 ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി തുടങ്ങി. ഒപ്പം മോട്ടോര്‍വാഹനവകുപ്പിന്റെ പ്രവര്‍ത്തനരഹിതമായ ഒന്‍പത് ടെസ്റ്റിങ് സെന്ററുകള്‍ നവീകരിക്കും.ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്. ബാഹ്യ ഇടപെടലുകള്‍ക്കും ക്രമക്കേടുകള്‍ക്കും ഇത് വഴിവെക്കുന്നുണ്ട്. വാഹനങ്ങളുടെ എന്‍ജിന്‍, സസ്‌പെന്‍ഷന്‍, സ്റ്റിയറിങ്, ലൈറ്റുകള്‍, ബ്രേക്ക് തുടങ്ങിയ ഘടകങ്ങളെല്ലാം കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലൂടെ പരിശോധിക്കുന്നതാണ് ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റുകള്‍.