ബി.എസ്‌.സി. നഴ്‌സിങ് പ്രവേശനം; കട്ട്ഓഫ് മാര്‍ക്കില്‍ കുതിച്ചുകയറ്റം

Share our post

കാസര്‍കോട്: സംസ്ഥാനത്ത് ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് പ്രവേശനം ലഭിക്കണമെങ്കില്‍ നിസ്സാര മാര്‍ക്കൊന്നും പോരാ. നഴ്‌സിങ് പ്രവേശനത്തിനുള്ള ഇന്‍ഡക്‌സ് മാര്‍ക്കിന്റെ കട്ട്ഓഫ് കഴിഞ്ഞവര്‍ഷങ്ങളില്‍ കുതിച്ചുകയറി. ഇന്‍ഡക്‌സ് മാര്‍ക്ക് 100 ശതമാനമുള്ളവര്‍ക്ക് മാത്രമാണ് 2022 മുതല്‍ ഗവ. നഴ്‌സിങ് കോളേജുകളില്‍ പ്രവേശനം ലഭിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍സീറ്റുകളിലെ പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ കട്ട്ഓഫ് മാര്‍ക്ക് 98 ശതമാനമാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഇത് 95-96 ശതമാനവും.പന്ത്രണ്ടാംക്ലാസില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്‌മെന്റ് വഴിയാണ് പ്രവേശനം. സര്‍ക്കാര്‍ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്ന എല്‍.ബി.എസ്. സെന്റര്‍ പന്ത്രണ്ടാംക്ലാസില്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കി റാങ്കുപട്ടിക തയ്യാറാക്കുന്നത്.

മാനേജ്‌മെന്റ് സീറ്റിലേക്ക് അസോസിയേഷന്‍ ഓഫ് ദി മാനേജ്‌മെന്റ്‌സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിങ് നഴ്‌സിങ് കോളേജ്സ് ഓഫ് കേരളയും(എ.എം.സി.എസ്.എഫ്.എന്‍.സി.കെ.) ഈ രീതിയിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുന്നത്.മറ്റ് സ്വാശ്രയ കോളേജുകളുടെ കൂട്ടായ്മയായ പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരള(പി.എന്‍.സി.എം.എ.കെ.) ഇതോടൊപ്പം ഇംഗ്ലീഷിന് ലഭിച്ച മാര്‍ക്കുകൂടി പരിഗണിക്കുന്നുണ്ട്. സഹകരണ സ്വാശ്രയ കോളേജുകളും ചില സ്വകാര്യ സ്വാശ്രയ കോളേജുകളും മാനേജ്‌മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി സ്വന്തംനിലയില്‍ റാങ്കുപട്ടിക തയ്യാറാക്കിയും പ്രവേശനം നടത്തുന്നുണ്ട്.കോവിഡിനുമുന്‍പ് ഇന്‍ഡക്‌സ് മാര്‍ക്ക് 92 ശതമാനമുള്ളവര്‍ക്കുവരെ എല്‍.ബി.എസ്. അലോട്‌മെന്റ് പ്രകാരം സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നു. അതാണിപ്പോള്‍ 98-ല്‍ എത്തിയത്. മാനേജ്‌മെന്റ് സീറ്റുകളില്‍ ഇത് 85-88 ശതമാനമായിരുന്നതാണ് 95-96 ശതമാനത്തിലേക്കും എത്തി.

കാരണം വിദേശജോലിസാധ്യത

ഗള്‍ഫിലും പാശ്ചാത്യരാജ്യങ്ങളിലുമുള്ള മികച്ച ജോലി സാധ്യതയും നല്ല ശമ്പളവുമാണ് ബി.എസ്.സി. നഴ്‌സിങ്ങിന് പ്രിയമേറാന്‍ കാരണം. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ-സ്വാശ്രയ മേഖലകളിലായി നിലവില്‍ 155 നഴ്‌സിങ് കോളേജുകളാണുള്ളത്. ഈ കോളേജുകളിലെല്ലാംകൂടി 9200 സീറ്റുകളാണുള്ളത്. എഴുപതിനായിരത്തോളം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!