കോട്ടയം-എറണാകുളം ‘വാഗണ്‍ ട്രാജഡി’ ഇനിയില്ല; പുതിയ സ്‌പെഷ്യല്‍ മെമു ട്രെയിന്‍ തിങ്കളാഴ്ച മുതല്‍

കോട്ടയം: വേണാട്, പാലരുവി എക്‌സ്പ്രസുകളിലെ ‘വാഗണ്‍ ട്രാജഡി’ക്ക് അന്ത്യമാകുന്നു. കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ട്രെയിന്‍ ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഇത് സംബന്ധിച്ച ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും ഫ്രാന്‍സിസ് ജോര്‍ജുമാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 6.15-ന് കൊല്ലത്ത് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് എത്തി സര്‍വീസ് അവസാനിപ്പിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമാണ് സ്‌പെഷ്യല്‍ മെമു സര്‍വീസ് നടത്തുക.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കൊല്ലം – എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിന് സര്‍വീസ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളില്‍ പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയില്‍ മെമു സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവരെ ഡല്‍ഹിയില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു.
ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കും.