അര്‍ജുന്‍റെ ഫാമിലി എന്‍റെ ഫാമിലി; പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കും; ആരോപണങ്ങള്‍ നിഷേധിച്ച് മനാഫ്

Share our post

കോഴിക്കോട്: തനിക്കെതിരെ അര്‍ജുന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് ലോറിയുടമ മനാഫ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്ന് പറഞ്ഞ മനാഫ് അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്നും മാധ്യമങ്ങളോടു മനാഫ് പ്രതികരിച്ചു. ലോറിക്ക് അര്‍ജുന്‍ എന്നുതന്നെ പേരിടും. അര്‍ജുന്റെ കുടുംബവുമായി കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മനാഫ് അറിയിച്ചു.

മനാഫിന്റെ പ്രതികരണം

“യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്? എനിക്കാരോടെങ്കിലും ഒന്ന് സംസാരിക്കണം. അതിനുവേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുന്റെ വിഷയത്തിനുശേഷം യൂട്യൂബ് ചാനലില്‍ ഒന്നും വന്നിട്ടില്ലല്ലോ. അര്‍ജുനെ കിട്ടുന്നതോടെ ആ യൂട്യൂബ് ചാനലിന് അര്‍ഥമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ആകെ പത്തയ്യായിരം സബ്സ്ക്രൈബേഴ്സാണ് അതിനുള്ളത്. അതുകൊണ്ട് എന്ത് പ്രശ്നമാണുള്ളത്/ വൈകാരികത വെച്ചിട്ട് തന്നെയാണ് അര്‍ജുന്‍ ജനഹൃദയങ്ങളിലേക്കെത്തിയത്. അങ്ങനെ വൈകാരികത ആയി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ.” വൈകാരികത ചൂഷണം ചെയ്തു എന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണത്തോട് മനാഫ് പ്രതികരിച്ചു.തിരച്ചില്‍ രണ്ട് ദിവസം വൈകിപ്പിച്ചതായുള്ള കുടുംബാംഗങ്ങളുടെ ആരോപണത്തോട് വൈകാരികമായാണ് മനാഫ് പ്രതികരിച്ചത്. തന്റെ കുടുംബമായി അവരെ കണ്ടതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. “അര്‍ജുന്റെ അമ്മ എന്റെ അമ്മയാണ്, അമ്മ എന്നെ തള്ളിപ്പറഞ്ഞോട്ടെ. അര്‍ജുന്റെ ഫാമിലി എന്റെ ഫാമിലിയായി ഞാന്‍ കാണുന്നത്. അവരിപ്പോഴുള്ള ബുദ്ധിമോശത്തില്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ പറഞ്ഞോട്ടെ. അവരിതിനുമുമ്പും പേഴ്‌സണലായിട്ട് പറഞ്ഞതാണ്. ഞാനതൊന്നും വകവെക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ഒരാവശ്യം വരികയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായിട്ടും അവരുടെ കൂടെയുണ്ടാകും. അത് അവരുടെ മാത്രമല്ല, എന്റെ ഏത് ജോലിക്കാര്‍ക്ക് ആവശ്യം വന്നാലും ഞാനങ്ങനെതന്നെ ചെയ്യും.

“ഒരുറുപ്യയും ആരോടും വാങ്ങിയിട്ടില്ല. അര്‍ജുനെ എടുക്കുന്നതിന് മുമ്പ് ഈ ആരോപണങ്ങള്‍ ആകാമായിരുന്നു. അവര്‍ മൊത്തം എന്നെ തള്ളിപ്പറഞ്ഞാലും എനിക്ക് അവരെന്റെ ഫാമിലിയാണ്. കുറച്ചാളുകള്‍ ഇതിനുപിന്നിലുണ്ട്. എനിക്ക് ഒരു ഐഡിയയുമില്ല. ചിലപ്പോള്‍ ജിതിന് എന്തെങ്കിലും പ്രശ്‌നമുണ്ടാകാം. അര്‍ജുന്റെ വിഷയത്തില്‍ അവര്‍ക്കൊരു പ്രശസ്തി ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കും വേണ്ട. ആക്ഷന്‍ കമ്മിറ്റി എന്നെ ക്ഷണിച്ചു തിരുവനന്തപുരത്ത് പോകാന്‍. ഞാന്‍ പറഞ്ഞു വരാം. ഞാനത് ജിതിനോട് പറഞ്ഞപ്പോള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് പോകേണ്ട ആവശ്യമില്ല, ഇപ്പോള്‍ ഫോണില്‍ വിളിച്ചാലും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പറ്റും എന്ന് പറഞ്ഞു. ഞാന്‍ പോയി, അര്‍ജുന് വേണ്ടി ഇനി അമേരിക്കയിലേക്ക് വേണമെങ്കിലും പോകും. നിങ്ങളെല്ലാവരും കൂടി എനിക്കൊരു ഹൈപ്പ് തന്നത് അവര്‍ക്കിഷ്ടമായില്ലെന്നാണ് തോന്നുന്നത്”. മനാഫ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!