രണ്ടു തൊഴിലാളി ബില്ലുകൾ ചുവപ്പുനാടയിൽ, കുരുങ്ങികിടക്കുന്നവയിൽ ഗിഗ് വര്‍ക്കേഴ്സ് ബില്ലും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ, സര്‍ക്കാരിന്റെ പരിഗണനയിലുള്ള രണ്ടു പ്രധാന ബില്ലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങി. ഗാര്‍ഹികത്തൊഴിലാളി ക്ഷേമം, ഓണ്‍ലൈന്‍ വിതരണക്കാര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കാനുള്ള ഗിഗ് വര്‍ക്കേഴ്സ് ബില്‍ എന്നിവയാണ് ഉദ്യോഗസ്ഥതലത്തിലെ തടസ്സവാദത്തെ ത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായത്.ഗാര്‍ഹികത്തൊഴിലാളി ക്ഷേമബില്‍ നിയമ വകുപ്പിന്റെ ഉള്‍പ്പെടെ അംഗീകാരം ലഭിച്ചശേഷമാണ് തൊഴില്‍വകുപ്പില്‍ കുരുങ്ങിക്കിടക്കുന്നത്. ബില്‍ അവലോകനത്തിനു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ലേബര്‍ സെക്രട്ടറിയടക്കമുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതാണ് തടസ്സത്തിനു കാരണം.
ഗാര്‍ഹികത്തൊഴിലാളികള്‍ക്കുമുന്നില്‍ വീട്ടുടമസ്ഥര്‍ വില്ലന്മാരാവുന്ന സാഹചര്യമുണ്ടാവുമെന്ന് ലേബര്‍ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിയത്. ആസൂത്രണ ബോര്‍ഡിന്റെ അന്തിമപരിശോധന വേണമെന്നും ആവശ്യമുയര്‍ന്നതോടെ, തൊഴില്‍വകുപ്പിന്റെ ഫയലില്‍ കിടക്കുകയാണ് ഈ ബില്ലിപ്പോള്‍.ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ‘തൊഴിലാളി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഗിഗ് വര്‍ക്കേഴ്സ് ബില്‍.
ഇതിന്റെ അവലോകനയോഗത്തില്‍ സമാനമായ നിയമം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും സംസ്ഥാനത്തെ നിയമനിര്‍മാണത്തെ ബാധിക്കാനിടയുണ്ടെന്നും ചില ലേബര്‍ കമ്മിഷണര്‍മാര്‍ തടസ്സവാദം ഉന്നയിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം ഇതുവരെ ഔദ്യോഗിക നടപടിയൊന്നും തുടങ്ങിയിട്ടില്ല.വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം 18-ന് അവസാനിക്കും. ഈ സഭയില്‍ ബില്ലുകള്‍ വരണമെങ്കില്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയാവണം. തൊഴില്‍സുരക്ഷയില്‍ വഴിത്തിരിവാകുന്ന രണ്ടു ബില്ലുകള്‍ക്കും മുന്നോട്ടു നീങ്ങണമെങ്കില്‍ ഇനി വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പ്രത്യേകം ഇടപെടേണ്ടിവരുമെന്ന് തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ‘മാതൃഭൂമി’യോടു പറഞ്ഞു.