ആക്രിയാകില്ല, ആയുസ് നീട്ടി, കെ.എസ്.ആര്‍.ടി.സി: 15 വര്‍ഷം പൂര്‍ത്തിയാകുന്ന 1200 ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി

ഇന്ന് 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1200 ബസുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി സംസ്‌ഥാന സര്‍ക്കാര്‍. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്‌കരിക്ക് നല്‍കിയ കത്തിനു പ്രതികരണം ഇല്ലാതെ വന്നതോടെയാണു സര്‍ക്കാരിന്റെ ഇടപെടല്‍. ഇത്രയും ബസുകള്‍ നിരത്തില്‍നിന്ന് ഒഴിവാക്കിയാലുള്ള ഭവിഷ്യത്ത് കണക്കിലെടുത്താണു നടപടിയെന്നാണു വാദം. പക്ഷേം സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോ എന്ന് ആശങ്കയുണ്ട്.പുതിയ ബസുകള്‍ ഇറാക്കാത്തതിനാല്‍ തന്നെ വലിയ പ്രതിസന്ധിയാണു കെ.എസ്.ആര്‍.ടി.സി. നേരിടുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ 6200 ബസുകളാണ് ഉണ്ടായിരുന്നത്. 5200 ഷെഡ്യൂളുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓടുന്നത് 4000 ബസുകള്‍ മാത്രം. ഇതിനിടെയാണ് 15 വര്‍ഷം പഴക്കമുള്ള 1200 ബസുകളുടെ കാലാവധി തീരുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരം കാലാവധി കഴിഞ്ഞാല്‍ ബസുകള്‍ പൊളിച്ചു മാറ്റണം.
ഇതു മുന്‍കൂട്ടികണ്ട് പുതിയ ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ബജറ്റ് വിഹിതമായി 92 കോടി രൂപ അനുവദിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റ് വിഹിതം വെട്ടിക്കുറച്ചു.പകുതി പണമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. തുടര്‍നടപടി ഉണ്ടായില്ല. ബസുകള്‍ നിരത്തൊഴിഞ്ഞാല്‍ സര്‍വീസുകളെ ബാധിക്കും. ജനം നട്ടംതിരിയും. ഇതോടെയാണ്, 15 വര്‍ഷം പിന്നിടുന്ന ബസുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടിനല്‍കണം എന്നാവശ്യപ്പെട്ട് രണ്ടാഴ്‌ച മുമ്ബ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയത്.സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും പുതിയ ബസുകള്‍ വാങ്ങാന്‍ പണമില്ലെന്നുമാണു കത്തില്‍ പറയുന്നത്. 15 വര്‍ഷം പിന്നിട്ടെങ്കിലും മിക്ക ബസുകളും നല്ല കണ്ടീഷനിലാണ്. അത് കൊണ്ട് കേന്ദ്രം ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. കാലാവധി നീടുന്നതിനുള്ള അന്തിമ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. അതിനാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ നിയമസാധുത കോടതി കയറാനും ഇടയുണ്ട്.