അഴീക്കലിൽ നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസ് തുടങ്ങാൻ ധാരണ

കണ്ണൂർ: അഴിക്കൽ തുറമുഖത്തു നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസിന് വഴിയൊരുങ്ങി. കെ.വി.സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ച യോഗത്തിലാണ് ധാരണ.മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളാണ് സർവീസ് നടത്താൻ താൽപര്യം അറിയിച്ചത്. തുറമുഖത്ത് വൈകാതെ ഡ്രഡ്ജിംഗ് ആരംഭിക്കുമെന്നും കണ്ടെയ്‌നർ ഗോഡൗൺ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള ഉറപ്പ് നൽകി.സർവീസുകൾ കൃത്യമായ സമയക്രമം പാലിക്കണമെന്ന് എംഎൽഎ നിർദേശിച്ചു. ഷെഡ്യൂൾ നേരത്തേ നൽകുമെന്നും അതുപ്രകാരം സർവീസ് നടത്തുമെന്നും കപ്പൽ കമ്പനി പ്രതിനിധികൾ അറിയിച്ചു.
മാരിടൈം ബോർഡ് സിഇഒ ഷൈൻ എ.ഹക്ക്, തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ടി. ദീപൻകുമാർ, വെസ്റ്റേൺ ഇന്ത്യ കമ്പനി എം.ഡി. മായൻ മുഹമ്മദ്, ചേംബർ പ്രസിഡന്റ് രമേഷ് കുമാർ, സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.വിദേശകപ്പലുകളടക്കം അടുക്കാനുള്ള ഐ.എസ്.പി.എസ്. കോഡ് കഴിഞ്ഞ വർഷം അഴീക്കലിന് ലഭിച്ചിരുന്നു. നിലവിൽ കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ള ഓഫീസ് തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. ഇൻസെന്റീവ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടുണ്ട്. തുറമുഖത്തെ ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണി കഴിയുന്ന മുറയ്ക്ക് ഡ്രഡ്ജിങ്ങും ആരംഭിക്കും.