സ്പാം മെസേജുകളെ വെറുതെ വിടാതെ വാട്‌സാപ്പ്, വ്യാജ ലിങ്കുകള്‍ക്ക് കെണിയൊരുക്കി പുതിയ ഫീച്ചര്‍

Share our post

തെറ്റായ വിവരങ്ങളുടെ പ്രചാരണം സജീവമായി നടക്കുന്ന ഇടമാണ് വാട്‌സാപ്പ്. ഇത് തടയുന്നതിനായി ഒട്ടേറെ സംവിധാനങ്ങള്‍ വാട്‌സാപ്പ് ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും, ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ളതാണ് ഈ പുതിയ ഫീച്ചര്‍. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ആന്‍ഡ്രോയിഡ് ബീറ്റ 2.24.20.28 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സാപ്പ് വഴി വ്യാജവാര്‍ത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന. യു.ആര്‍.എല്‍ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാം. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് പരിശോധിക്കുക. ഈ സന്ദേശങ്ങള്‍ സ്വകാര്യമായിരിക്കും എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാന്‍ ഇതുവഴി സാധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!