ഓൺലൈനിൽ തിരഞ്ഞത് മരുന്ന്, പിന്നാലെ കോളും അശ്ലീലദൃശ്യങ്ങളും; സി.ബി.ഐ ചമഞ്ഞ് തട്ടിപ്പിന് ശ്രമം

ഒറ്റപ്പാലം (പാലക്കാട്): ഓണ്‍ലൈനില്‍ മരുന്നിനേക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും തട്ടിപ്പിനിരയാക്കാന്‍ ശ്രമം. മരുന്ന് എത്തിക്കാനെന്ന വ്യാജേന ഫാര്‍മസിസ്റ്റ് എന്ന് പരിചയപ്പെടുത്തിയും പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥനാണെന്നറിയിച്ചുമുള്ള ഫോൺ കോളുകളിലൂടെയാണ് ഒറ്റപ്പാലം ലക്കിടി സ്വദേശിയെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചത്. തട്ടിപ്പാണെന്ന് മനസിലാക്കി വേഗത്തില്‍ ഒറ്റപ്പാലം പോലീസിനെ സമീപിച്ചതോടെയാണ് ചതിയിൽപ്പെടാതെ രക്ഷപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ജീവിതശൈലീരോഗവുമായി ബന്ധപ്പെട്ട മരുന്നിന്റെ വിവരങ്ങളാണ് ലക്കിടി സ്വദേശി ഓണ്‍ലൈനില്‍ തിരഞ്ഞത്. ഇതിന് ശേഷമാണ് ഫാര്‍മസിസ്റ്റെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുടെ ഓണ്‍ലൈന്‍ കോള്‍വന്നത്. ഏത് മരുന്നാണ് വേണ്ടതെന്നും മറ്റുവിവരങ്ങളും ചോദിച്ചു. മരുന്ന് വീട്ടിലെത്തിക്കാമെന്നും പണം ഓണ്‍ലൈനായി അയക്കണമെന്നും പറഞ്ഞാണ് ഫോണ്‍വെച്ചത്. ഇത് കഴിഞ്ഞയുടനെ ലക്കിടി സ്വദേശിയുടെ വാട്സാപ്പ് നമ്പറിലേക്ക് അശ്ലീല ചിത്രങ്ങള്‍ വന്നു. അതിന് ശേഷമാണ് അടുത്ത ഓണ്‍ലൈന്‍ കോള്‍ വന്നത്.സി.ബി.ഐയിലെ ഉദ്യോഗസ്ഥനാണെന്നും നിങ്ങളുടെ നമ്പറിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ വന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നുമറിയിച്ചായിരുന്നു കോള്‍. സി.ബി.ഐയുടെതെന്ന് തോന്നിപ്പിക്കുന്ന ലോഗോ ഉപയോഗിച്ചുള്ള വാട്സാപ്പില്‍ നിന്നാണ് കോള്‍ വന്നത്. ദൃശ്യങ്ങളേക്കുറിച്ച് മാത്രം സംസാരം തുടര്‍ന്നതോടെയാണ് സംശയമുണ്ടായത്. ഇതോടെ കോള്‍ കട്ട് ചെയ്തു. എന്നാല്‍, അപ്പോഴും തട്ടിപ്പിനായുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. പിന്നീട് സന്ദേശങ്ങള്‍ മുഖാന്തരമായിരുന്നു ശ്രമം. സി.ബി.ഐയില്‍ നിന്നാണെന്നും എത്രയും പെട്ടന്ന് തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ ഒന്നിനുപുറകെ ഒന്നായി എത്തി. ഇതോടെ ലക്കിടി സ്വദേശി സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തുകയും സൈബര്‍ പോലീസ് സംഘത്തെ സമീപിക്കുകയുമായിരുന്നു.