ബാലചന്ദ്ര മേനോനെതിരേ അശ്ലീലപരാമര്‍ശമുള്ള വീഡിയോ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസ്

Share our post

കൊച്ചി: അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചി സൈബര്‍ പോലീസാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി.ആലുവ സ്വദേശിയുടെ വെളിപ്പെടുത്തല്‍ എന്ന പേരിലാണ് യൂട്യൂബ് ചാനലുകള്‍ വീഡിയോ സംപ്രേക്ഷണം ചെയ്തത്. നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ ഈ നടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്മാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി നടിയുടെ ചില പ്രതികരണങ്ങളാണ് യുട്യൂബ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്തത്. ഇതിലാണ് ബാലചന്ദ്ര മേനോനെതിരേയുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നത്.

പരാമർശങ്ങൾ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്ന് ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആരോപിക്കുന്നു. നടിയുമായി ബന്ധപ്പെട്ട ചിലര്‍ ഫോണ്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയുമാണ് ബാലചന്ദ്ര മേനോന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്.യുട്യൂബ് ചാനലുകളുടെ ഉള്ളടക്കം പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകുമെന്നാണ് സൈബര്‍ പോലീസ് അറിയിച്ചിരിക്കുന്നത്. ഐ.ടി. ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബാലചന്ദ്ര മേനോനെ നടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!