മേഘങ്ങള്‍ ഒഴിവാക്കാന്‍ എ.ഐ; പ്രധാനപ്പെട്ട മൂന്ന് അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്

Share our post

പ്രധാനപ്പെട്ട മൂന്ന് സൗകര്യങ്ങള്‍ കൂടി അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ എര്‍ത്തിലെ ഹിസ്റ്റോറിക്കല്‍ ഇമേജറി, കൂടുതല്‍ വലിയ സ്ട്രീറ്റ് വ്യൂ കവറേജ്, കൂടുതല്‍ വ്യക്തത നല്‍കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവയാണ് അപ്‌ഡേറ്റില്‍ ഉള്‍പ്പെടുന്നത്.ഹിസ്റ്റോറിക്കല്‍ ഇമേജറി സംവിധാനം ഉപയോഗിച്ച് ഗൂഗിള്‍ എര്‍ത്തില്‍ പ്രദേശങ്ങളുടെ ദശാബ്ദങ്ങള്‍ക്ക് അപ്പുറമുള്ള ചിത്രങ്ങള്‍ കാണാം. ഹിസ്റ്റോറിക്കല്‍ ഇമേജറി ഫീച്ചര്‍ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തിന്റെ വെബ്ബ് വേര്‍ഷനിലും മൊബൈല്‍ വേര്‍ഷനിലും ലഭ്യമാവും. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നാടിന്റെ കാഴ്ചകള്‍ കാണാന്‍ ഇത് സഹായിക്കും.

80 ഓളം രാജ്യങ്ങളിലെ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങളാണ് ഗൂഗിള്‍ മാപ്പ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഇപ്പോള്‍ സ്ട്രീറ്റ് വ്യൂ സേവനത്തിന്റെ പരിധിയില്‍ വരും. ഈ സ്ഥലങ്ങള്‍ 360 വീക്ഷണകോണില്‍ കാണാനാവും. എ.ഐ ഉപയോഗിച്ച് കൂടുതല്‍ മേഘങ്ങളും മറ്റ് തടസങ്ങളും നീക്കം ചെയ്ത കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ മാപ്പില്‍ ലഭിക്കും. ഗൂഗിള്‍ മാപ്പിലെ പ്രദേശങ്ങള്‍ കൂടുതല്‍വ്യക്തമായി മനസിലാക്കാന്‍ ഈ പുതിയ മാറ്റങ്ങള്‍ സഹായിക്കും.ക്ലൗഡ് സ്‌കോര്‍ + എന്ന എ.ഐ ഉപയോഗിച്ചാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ മെച്ചപ്പെടുത്തിയത്. മേഘങ്ങള്‍, മൂടല്‍ മഞ്ഞ് പോലെ പ്രദേശങ്ങളുടെ കാഴ്ച മറയ്ക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ ഈ എഐ സാങ്കേതിക വിദ്യ സഹായിക്കും. അതേസമയം മഞ്ഞ്, ഐസ്, പര്‍വതങ്ങളുടെ നിഴലുകള്‍ പോലുള്ളവ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഈ സാങ്കേതിക വിദ്യ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!