മികച്ച ക്ലാസും, തുച്ഛമായ ഫീസും; കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ തിരക്ക്

തിരുവനന്തപുരം: ഗതാഗതമന്ത്രി ഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകള്‍ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ ലഭിച്ചത്.ആദ്യ ബാച്ചിൽ നടത്തിയത് 40 ടെസ്റ്റുകളായിരുന്നു. ഇതില്‍ പരാജയപ്പെട്ടത് ഏഴു പേർ മാത്രമാണ്. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി നേടിയത് 82.5 വിജയശതമാനം.ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. രണ്ടാം ബാച്ചുക്കാരുടെ ടെസ്റ്റ് ഉടൻ നടക്കും. സംരംഭം വിജയിച്ചതോടെ വാഹനങ്ങൾ എത്തിച്ച് കൂടുതൽ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.