കള്ളവണ്ടി കയറ്റക്കാര്‍ക്ക് മൂക്കുകയറിടാനൊരുങ്ങി റെയിൽവേ

Share our post

ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറുന്നവരുടെയും ടിക്കറ്റില്‍ ആള്‍മാറാട്ടം കാണിക്കുന്നവരുടെയും കൺസഷൻ ടിക്കറ്റുകളുടെ ദുരുപയോഗം നടത്തുന്നവരെയുമൊക്കെ പൂട്ടാൻ ഒരുങ്ങി റെയില്‍വേ. ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനകൾ കർശനമാക്കാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ലയുടെ അടിയന്തര നിർദേശം എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നൽകിക്കഴിഞ്ഞു.

പതിവ് പരിശോധനകൾക്ക് പുറമേ സർപ്രൈസ് ചെക്കിങ്ങുകൾ നടത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ഉള്ളടക്കം. ഇതിനായി രണ്ടു ഘട്ട സ്പെഷൽ ഡ്രൈവുകൾ നടത്തണം. ആദ്യഘട്ട പരിശോധനകൾ ഒക്ടോബർ ഒന്നു മുതൽ 15 വരെയാണ്. രണ്ടാം ഘട്ട പരിശോധന ഒക്ടോബർ 25 മുതൽ നവംബർ പത്ത് വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കണം പരിശോധനകൾ നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സോണൽ റെയിൽവേ അധികൃതർ നോമിനേറ്റ് ചെയ്യണം. സോണൽ ലെവലിലും ഡിവിഷൻ തലത്തിലും നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ട് നവംബർ 18നകം പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകുകയും വേണം.

റിസർവ്ഡ് കോച്ചുകളിലെ അനധികൃത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായിരിക്കണം പരിശോധകർ മുൻഗണന നൽകേണ്ടത്. എമർജൻസി ക്വാട്ടയിലെ ടിക്കറ്റുകളിൽ വ്യാപകമായി ആൾമാറാട്ടം നടത്തുന്നുണ്ട്. ഇതിലും കർശന പരിശോധന നടത്തണം. മുതിർന്ന പൗരന്മാർ, കാൻസർ രോഗികൾ തുടങ്ങിയ പ്രത്യേക ക്വാട്ടകളിൽ റിസർവ് ചെയ്ത് വരുന്ന യാത്രക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഊന്നൽ നൽകണമെന്നും നിർദേശത്തിലുണ്ട്. കൺസഷൻ ടിക്കറ്റുകളുടെ ദുരൂപയോഗം അനിയന്ത്രിതമായി വർധിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും പരിശോധിച്ച് ആധികാരികത ഉറപ്പ വരുത്തണം.

നിയമ ലംഘകരിൽ നിന്ന് റെയിൽവേ ആക്ട് പ്രകാരമുള്ള പരമാവധി പിഴത്തുക ഈടാക്കണമെന്നും നിർദേശമുണ്ട്. സ്പെഷൽ ഡ്രൈവിന്റെ കാലയളവിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും നിർദേശമുണ്ട്.

അംഗീകൃത ഏജന്റുമാർ വഴിയും യുടിഎസ് മൊബൈൽ ആപ്പ്, ഐ.ആർ.സി.ടി.സി എന്നിവ വഴിയും സാധുവായ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനെ ക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിക്കണം എന്നതാണ് മറ്റൊരു നിർദേശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!