തീവണ്ടിയിൽ തിരക്കേറുന്നു, യാത്രക്കാർ തളർന്നുവീഴുന്നത് പതിവ്; മൂന്നു വർഷമായി കേരളത്തിന് മെമു ഇല്ല

കണ്ണൂർ: തീവണ്ടികളിൽ തിരക്കേറിയതിനെ തുടർന്ന് യാത്രക്കാർ തളർന്നുവീഴുന്നത് പതിവാണ്. എന്നിട്ടും ചെറൂദൂര യാത്രയ്ക്കുള്ള മെമു വണ്ടികൾ മൂന്നുവർഷമായി കേരളത്തിന് അനുവദിച്ചില്ല. ത്രീ ഫെയ്സ് മെമു വന്നാൽ കൂടുതൽ പേർക്ക് ഇരുന്നും നിന്നും യാത്രചെയ്യാനാകും.കേരളത്തിലോടിക്കുന്നത് 12 മെമു വണ്ടികളാണ്. ഇതിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം അറ്റുകുറ്റപ്പണിക്ക് ‘അവധി’യിലുമാകും. ഇന്റഗ്രൽ കോച്ച് ഫാക്ടറി പരമ്പരാഗത കോച്ചുകളുടെ നിർമാണം നിർത്തി. ഇവയ്ക്ക് പകരം വന്ന മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) കോച്ചിന്റെ വരവ് നിലച്ചത് കേരളത്തെ ബാധിച്ചു.
തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. സംസ്ഥാനത്തിനകത്ത് പൂർണമായി ഓടുന്നത് 10 എണ്ണം മാത്രമാണ്. ഷൊർണൂരിൽനിന്നുള്ള ഒരു മെമു കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നു. കണ്ണൂർ-മംഗളൂരു (132 കിലോമീറ്റർ) മെമു ഇപ്പോൾ ഓടുന്നില്ല. കേരളത്തിൽ അഞ്ച് വണ്ടികൾക്ക് 12 റേക്ക് (കാർ) ആണ്. അഞ്ചെണ്ണത്തിന് എട്ടു കോച്ചും. അതിനാൽ കൂടുതൽ പേർക്ക് കയറാനാകില്ല.12 റേക്ക് (കോച്ച്) ത്രീ ഫെയ്സ് മെമുവിൽ ഇരുന്നും നിന്നും 3600 ഓളം പേർക്ക് യാത്ര ചെയ്യാം.