‘ഗാന്ധിയെ അറിയാൻ വായനശാലകൾ’ കാമ്പയിൻ

കണ്ണൂർ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ പീപ്പിൾസ് മിഷൻ ‘ഗാന്ധിയെ അറിയാൻ വായനശാലകൾ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ചുരുങ്ങിയത് 25 വായനശാലകൾ എങ്കിലും പുതുതായി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മിഷൻ ചെയർമാൻ ഡോ. വി. ശിവദാസൻ എം.പി പറഞ്ഞു.ഈ കാലയളവിനിടയിൽ ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിക്കുന്ന ലൈബ്രറികൾക്ക് ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ പുസ്തകങ്ങളുടെ കുറവ് ഉണ്ടെങ്കിൽ 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രത്യേക പരിഗണന അർഹിക്കുന്ന സ്ഥലങ്ങളിൽ അതിലധികവും മിഷന്റെ ഭാഗമായി നൽകും.പുതിയ വായനശാലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ചെണ്ണത്തിന് ലാപ്‌ടോപ്, മേശ, കസേര, ടി. വി തുടങ്ങിയവ വ്യവസ്ഥകൾക്ക് വിധേയമായി നൽകും.നവംബർ ഒന്നിന് മുൻപ് സമ്പൂർണ വായനശാല പ്രഖ്യാപനം നടത്തുന്ന പഞ്ചായത്ത് ഭരണ സമിതിയോ പഞ്ചായത്ത് തല ലൈബ്രറി നേതൃസമിതിയോ നിർദേശിക്കുന്ന വായനശാലയിൽ കലാപരിപാടി ഒരുക്കി നൽകും.