കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ ഇൻറഗ്രേറ്റസ് പഞ്ചവത്സര എൽഎൽ.ബി., ത്രിവത്സര എൽഎൽ.ബി. പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷകൾ അടിസ്ഥാനമാക്കി 2024-25ലെ പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെൻറ്് പ്രക്രിയകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ www.cee.kerala.gov.in -ൽ ആരംഭിച്ചു.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി.
ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 25-ന് വൈകീട്ട് മൂന്നുവരെ. മൊത്തം നാല് സർക്കാർ ലോ കോളേജുകൾ (തിരുവനന്തപുരം-120 സീറ്റ്, എറണാകുളം-60, തൃശ്ശൂർ-60, കോഴിക്കോട്-120), 24 സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്.ലഭ്യമായ പ്രോഗ്രാമുകൾ (ഗവൺമെൻറ്): തിരുവനന്തപുരം -ബി.എ. എൽ.എൽ.ബി., എറണാകുളം – ബി.കോം. എൽഎൽ.ബി. (ഓണേഴ്സ്), തൃശ്ശൂർ, കോഴിക്കോട് – ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്).
വിവിധ സ്വാശ്രയ കോളേജുകളിലായി ബി.എ. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാമുകളുണ്ട്. ചിലത് ഓണേഴ്സ് പ്രോഗ്രാമുകളാണ്.കോളേജുകളുടെ പൂർണപട്ടിക, കോഴ്സ്, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിലെ അലോട്‌മെൻറ് വിജ്ഞാപനത്തിൽ ഉണ്ട്.പ്രവേശനത്തിനായി പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വഴി ഓപ്ഷൻ നൽകാം.
* ഓപ്ഷനുകൾ നൽകുന്നതിനുമുൻപ് ഓപ്ഷൻ രജിസ്ട്രേഷൻ ഫീ ആയി 1000 രൂപ അടയ്ക്കണം. പട്ടിക/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവർ, 500 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി അടയ്ക്കേണ്ടതാണ്. തുക ഓൺലൈൻ ആയി അടയ്ക്കണം.
* അലോട്മെന്റ് ലഭിക്കാത്തവർക്ക് രജിസ്ട്രേഷൻ ഫീ തിരികെലഭിക്കും.
* അലോട്മെൻറ് ലഭിച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടെന്നു വെക്കുന്നവർ എന്നിവരുടെ ഓപ്ഷൻ രജിസ്ട്രേഷൻ ഫീ പിഴയായി പരിഗണിക്കും. തിരികെ നൽകുന്നതല്ല.
* ഓപ്ഷൻ രജിസ്ട്രേഷൻ ഫീ അടച്ച ശേഷം ‘ഓപ്ഷൻ രജിസ്ട്രേഷൻ’ ലിങ്ക് വഴി, മുൻഗണന നിശ്ചയിച്ച് (ഏറ്റവും താത്‌പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്‌പര്യമുള്ള ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം (ഒരു കോളേജും ഒരു പ്രോഗ്രാമും ചേരുന്നതാണ് ഒരു ഓപ്ഷൻ).
അലോട്മെൻറ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർചെയ്യുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നില്ലെങ്കിൽ അലോട്മെൻറ് നഷ്ടപ്പെടുകയും അലോട്മെൻറ് പ്രക്രിയയിൽനിന്നു പുറത്താവുകയും ചെയ്യും. ഒരിക്കൽ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകൾ ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി എത്തുംമുൻപ് എത്രതവണ വേണമെങ്കിലും ഭേദഗതിചെയ്യാം.
* ഇപ്പോൾ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടർറൗണ്ടിലും പരിഗണിക്കുക. ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ അടുത്തഘട്ടത്തിൽ ഉൾപ്പെടുത്താൻ/രജിസ്റ്റർചെയ്യാൻ കഴിയില്ല.
* ഓപ്ഷൻ രജിസ്ട്രേഷൻ നടത്താത്തവരെ അലോട്മെൻറിനായി പരിഗണിക്കുന്നതല്ല.
അപേക്ഷയിലെ പിശകുകൾ കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓൺലൈൻ ഓപ്ഷൻ നൽകാം. പക്ഷേ, അവർ സെപ്റ്റംബർ 24-ന് വൈകീട്ട് മൂന്നിനകം നിശ്ചിതരേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്ത്, അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽമാത്രമേ അവരുടെ ഓപ്ഷനുകൾ അലോട്മെൻറിനായി പരിഗണിക്കൂ.
ത്രിവത്സര എൽഎൽ.ബി.
ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 26-ന് വൈകീട്ട് മൂന്നുവരെ
കോളേജുകൾ: നാല് സർക്കാർ ലോ കോളേജുകൾ (തിരുവനന്തപുരം-60 സീറ്റ്, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്-120 സീറ്റുവീതം), 13 സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. പൂർണപട്ടിക സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വഴി ഓപ്ഷൻ നൽകാം.
* ഓപ്ഷനുകൾ നൽകുന്നതിനുമുൻപ് ഓപ്ഷൻ രജിസ്ട്രേഷൻ ഫീ അടയ്ക്കണം. ഓപ്‌ഷൻ രജിസ്ട്രേഷൻ തുക, അടയ്ക്കേണ്ട രീതി, റീഫണ്ട് വ്യവസ്ഥകൾ, ഓപ്ഷൻ നൽകേണ്ട രീതി തുടങ്ങിയവയെല്ലാം പഞ്ചവത്സര എൽഎൽ.ബി.ക്ക് ബാധകമായതുതന്നെയാണ്.
അപേക്ഷയിലെ പിശകുകൾ കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓൺലൈൻ ഓപ്ഷൻ നൽകാം. അവർ 25-ന് വൈകീട്ട് മൂന്നിനകം നിശ്ചിതരേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്ത്, അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽമാത്രമേ അവരുടെ ഓപ്ഷനുകൾ പരിഗണിക്കൂ.
രണ്ടു പ്രോഗ്രാമുകളുടെയും ആദ്യ അലോട്മെന്റിന്റെയും കോളേജ് പ്രവേശനത്തിന്റെയും സമയക്രമം പിന്നീട് പ്രഖ്യാപിക്കും. സർക്കാർ ലോ കോളേജുകളിലെ മുഴുവൻസീറ്റിലും സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റിലും ഈ പ്രക്രിയ വഴി അലോട്മെൻറ്് നൽകും.
ഫീസ്
രണ്ടു പ്രോഗ്രാമുകളുടെയും 2024-25ലെ ഫീസ് ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, അലോട്മെന്റ് ലഭിക്കുന്നവർ 2023-24ലെ ഫീസാണ് താത്‌കാലികമായി അടയ്ക്കേണ്ടത്. അത് ഇപ്രകാരമാണ്:
* സർക്കാർ ലോ കോളേജുകളിലെ വാർഷിക ട്യൂഷൻ ഫീസ് 1575 രൂപ
* സ്വകാര്യ സ്വാശ്രയ കോളേജ് ഗവൺമെൻറ് സീറ്റ് ഫീസ്: വാർഷിക ട്യൂഷൻ ഫീസ്-36,750 രൂപ, സ്പെഷ്യൽ ഫീ-5250 രൂപ, കോഷൻ ഡിപ്പോസിറ്റ് -5000 രൂപ, തിരികെ ലഭിക്കുന്ന നിക്ഷേപം -50,000 രൂപ.
* 2024-25ലെ ഫീസ് നിർണയിക്കുമ്പോൾ അത് 2023-24ലെ ഫീസിനെക്കാൾ കൂടുതലാണെങ്കിൽ ബാധകമായ അധിക തുക അപ്പോൾ അടയ്ക്കണം.
അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനം നേടുമ്പോൾ കോളേജിൽ ഹാജരാക്കേണ്ട രേഖകളുടെ പട്ടിക ബന്ധപ്പെട്ട വിജ്ഞാപനങ്ങളിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ www.cee.kerala.gov.in -ൽ ലഭിക്കും.
പ്രവേശന സാധ്യതകൾ
2023-ൽ രണ്ടു പ്രോഗ്രാമുകൾക്കും രണ്ട് അലോട്മെൻറുവീതം നടത്തി. രണ്ടാംറൗണ്ടിനുശേഷം ഗവ. കോളേജുകളിലെ സംസ്ഥാനതല അവസാന റാങ്കുകൾ (ജനറൽ റാങ്ക്, കാറ്റഗറി സ്ഥാനമല്ല) ഇപ്രകാരമാണ്.
* അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എൽഎൽ.ബി.: എസ്.എം. -301; ഇ.ഡബ്ല്യു. -1142; ഇ.ഇസഡ്. – 487; എം.യു. -426, ബി.എച്ച്. -838; എൽ.എ. -920; ഡി.വി -1639; വി.കെ. -612; ബി.എക്സ് -913; കെ.യു. -2993, കെ.എൻ. -1879; എസ്.സി. -1593; എസ്.ടി. -3617.
സ്വാശ്രയ വിഭാഗം അവസാന എസ്.എം. റാങ്ക് -3671.
* മൂന്നുവർഷ എൽഎൽ.ബി.: എസ്.എം. -284; ഇ.ഡബ്ല്യു. -1384; ഇ.ഇസഡ്. -505; എം.യു. -545, ബി.എച്ച്. -842; എൽ.എ. -1021; ഡി.വി. -1373; വി.കെ. -541; ബി.എക്സ്. -1209; കെ.യു. -1466; കെ.എൻ. -891; എസ്.സി. -999; എസ്.ടി. -2486.
സ്വാശ്രയ വിഭാഗം അവസാന എസ്.എം. റാങ്ക്: 1243.
ഈ പ്രവണതകൾ 2024 പ്രവേശനത്തിൽ തുടരണമെന്നില്ല