ദാരിദ്ര്യം മൂലം നാലുവയസ്സുള്ള മകളെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം തടവ്

Share our post

ഗൂഡല്ലൂര്‍(തമിഴ്‌നാട്): നീലഗിരിയില്‍ ദാരിദ്ര്യത്താല്‍ പിഞ്ചുബാലികയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവുവിധിച്ചു. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് 2019 ജനുവരി 17-ന് നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്. പ്രദേശത്തെ സ്വകാര്യബംഗ്ലാവില്‍ വാച്ച്മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന്‍ 2018-ല്‍ അനാരോഗ്യത്താല്‍ മരിച്ചതിനെത്തുടര്‍ന്ന് സജിത ബംഗ്ലാവില്‍ ജോലിചെയ്തുവരുകയായിരുന്നു.രണ്ടുപെണ്‍കുട്ടികളുള്‍പ്പെട്ടതായിരുന്നു കുടുംബം. ഭര്‍ത്താവിന്റെ മരണത്തിനുശേഷം സംഭവദിവസം പെണ്‍മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്.

പതിന്നാലുവയസ്സുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെത്തുടര്‍ന്ന് കോത്തഗിരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം സജിത ജോലിചെയ്തിരുന്ന ബംഗ്ലാവിലെ വാട്ടര്‍ടാങ്കില്‍നിന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍, ഭര്‍ത്താവ് മരിച്ചതിനുശേഷവും തുടര്‍ന്ന കടുത്ത ദാരിദ്ര്യംമൂലം താന്‍ മകളെ വാട്ടര്‍ടാങ്കിലെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയെന്ന് സജിത പോലീസില്‍ കുറ്റസമ്മതം നടത്തി.കേസിന്റെ വിചാരണ ഊട്ടി മഹിളാകോടതിയില്‍ പൂര്‍ത്തിയായതോടെയാണ് വെള്ളിയാഴ്ച ജഡ്ജിയുടെ ചുമതലയുള്ള ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ. ലിങ്കം സജിതയെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!