രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണ റെയിൽവേക്ക്?; മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യം

കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണറെയിൽവേക്കാണെന്ന സൂചന വന്നതോടെയാണ് ഈ പാതയിൽ വേണമെന്ന ആവശ്യമുയരുന്നത്.പകൽ ഓടുന്ന വന്ദേഭാരതിൽ ഇരുന്ന് യാത്രയ്ക്ക് മാത്രമാണ് സൗകര്യമുള്ളത്. കിടന്നുറങ്ങി യാത്രചെയ്യാനാകുന്ന സ്ലീപ്പർ ഈ പാതയിൽ വന്നാൽ ഒരു പകൽ പാഴാകുന്നത് ഒഴിവാക്കാനാകുമെന്നാണ് അഭിപ്രായം. രാജ്യത്ത് സർവീസ് നടത്തുന്ന 51 വന്ദേഭാരതുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ കേരളത്തിലേ തീവണ്ടിയാണ്. വന്ദേസ്ലീപ്പറിന് അതിലുംകൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ മംഗളുരു-തിരുവനന്തപുരം റൂട്ടിൽ മൂന്നു രാത്രിവണ്ടികൾ മാത്രമാണ് ഓടുന്നത്. മാവേലി, മലബാർ, തിരുവനന്തപുരം എക്സ്‌പ്രസ് (16348) എന്നിവ. മൂന്നു വണ്ടികളിലും എന്നും റിസർവേഷൻ വെയിറ്റിങ്ങിലാണ്. ഉത്സവസീസണിൽ ഒരു മാസംമുമ്പ് ബർത്ത് നിറയും. മലബാർ എക്സ്‌പ്രസ് വൈകീട്ട് 6.15-ന് മംഗളൂരു വിട്ടാൽ രാത്രി തിരുവനന്തപുരത്തേക്ക് വണ്ടിയില്ല. ശേഷം വന്ദേസ്ലീപ്പർ ഓടിച്ചാൽ റൂട്ടിൽ മറ്റു ഗതാഗത തടസ്സങ്ങളുണ്ടാകില്ലെന്നാണ് അഭിപ്രായം. ജനറൽ കോച്ചുമാത്രമുള്ള തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ തീവണ്ടി ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് സർവീസ് നടത്തുന്നത്.
16 കോച്ചിലായി 823 ബർത്ത്
ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എൽ.) രൂപകല്പനചെയ്ത വണ്ടിയിൽ 16 കോച്ചിലായി 823 ബർത്ത് ഉണ്ട്. മുഴുവൻ ശീതീകരിച്ച കോച്ചുകളാണ്. ഇടത്തരക്കാർക്ക് താങ്ങാനാവുന്ന യാത്രാനിരക്കായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.