വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണാഭരണം കവര്‍ന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

ബസ് യാത്രക്കാരിയുടെ ഒന്നര പവൻ സ്വർണാഭരണം കവർന്ന കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് ട്രിച്ചി മാരിയമ്മൻ കോവില്‍ വെറുവ് കടതെരുവ് സമയപുരം സ്വദേശികളായ കറുപ്പായി (47), രാധ (41), മഹാലക്ഷ്മി (34) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ആഗസ്റ്റ് 16നാണ് ചെക്കോട്ടി ബസാറില്‍ നിന്ന് വടകരയിലേക്കുള്ള യാത്രാമധ്യേ കീഴല്‍ സ്വദേശിനി ജാനുവിന്റെ ഒന്നരപവൻ സ്വർണമാല സംഘം കവർന്നത്. പുതിയ ബസ് സ്റ്റാൻഡില്‍ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതറിയുന്നത്. സംഭവത്തില്‍ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസത്തിനു ശേഷം മറ്റൊരു പിടിച്ചുപറി കേസില്‍ സംഘം കണ്ണൂർ പൊലീസിന്റെ പിടിയിലായതോടെയാണ് വടകരയിലെ മോഷണ കേസില്‍ ഇവർ ഉള്‍പ്പെട്ട വിവരം പൊലീസിന് ലഭിച്ചത്.കണ്ണൂർ വനിത ജയിലില്‍ കഴിയുന്ന പ്രതികളെ ജയിലില്‍വെച്ച് അറസ്റ്റ് രേഖപ്പെടുത്തി വടകര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.