കിലോയ്ക്ക് 600 രൂപയ്ക്കുമേൽ വില; കാന്താരിക്ക് എരിവുപോലെ വിലയും

കാന്താരിമുളകിന്റെ എരിവുപോലെതന്നെ അതിന്റെ വിലയും. കാന്താരിമുളകിന്റെ ഉപയോഗം വർധിക്കുകയും ലഭ്യതകുറയുകയും ചെയ്തതോടെ വില കിലോവിന് 600 രൂപയ്ക്കുമേൽ കടന്നു. ഉണങ്ങിയ കാന്താരിമുളകിന് പറയുന്ന വിലയാണ്. കാന്താരി വലിയ അളവിൽ മാർക്കറ്റിലേക്ക് എത്താത്തതിനാൽ നിയതമായ വിലയുമില്ല. രണ്ടുമാസംമുൻപ് പച്ചക്കാന്താരിക്ക് ആയിരത്തിനുമുകളിൽ വിലയുയർന്നിരുന്നു.കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഡിമാൻഡ് കൂടിയത്. വിദേശമലയാളികളാണ് അവധിക്കുവന്നുപോകുമ്പോൾ സ്വന്തമാവശ്യത്തിനും സുഹൃത്തുക്കൾക്കും നൽകാൻ വലിയ അളവിൽ ഉണക്കി കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണിപ്പോൾ. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കിവെച്ചാൽ ദീർഘകാലം കേടുകൂടാതെയിരിക്കുമെന്നതിനാലും കാന്താരിക്ക് പ്രിയം കൂടി. മുളക് അച്ചാറിനും ആവശ്യക്കാരേറേ.പച്ചനിറമുള്ള കാന്താരിക്കാണ് വെള്ളക്കാന്താരിയെക്കാൾ വില കൂടുതൽ. വെള്ളക്കാന്താരിക്ക് വലുപ്പംപോലെതന്നെ തൂക്കക്കൂടുതലുമുണ്ട്. മഴക്കാലത്ത് ഉത്‌പാദനം തീരെ കുറവായതിനാൽ വിലയും കുതിച്ചുകയറും. ആവശ്യമുയർന്നപ്പോൾ വില കൂടിവരുന്നതിനാൽ വരുമാനമാർഗമെന്നനിലയിൽ പ്രത്യേകിച്ച്, വീട്ടമ്മമാർ കൂടുതലായി കാന്താരിക്കൃഷിയിലേക്ക് തിരിയുന്നുണ്ട്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല. പ്രത്യേകപരിചരണവും വേണ്ട. ഇതെല്ലാം കാന്താരിക്കൃഷിക്ക് അനുകൂലഘടകങ്ങളാണ്.