കാലാവസ്ഥാവ്യതിയാനം മൂലം ഓണക്കാലത്തും പൂക്കുന്ന കണിക്കൊന്ന

ഇത്തവണ ഓണക്കാലത്തും കണിക്കൊന്ന പൂവിട്ടു. പൂക്കളുടെ കാലമാണ് ഓണമെങ്കിലും കൊന്നപ്പൂ വിരിഞ്ഞത് കാലാവസ്ഥാവ്യതിയാനത്തിന്റെ ലക്ഷണമാണെന്ന് കാലാവസ്ഥ-സസ്യശാസ്ത്ര വിദഗ്ധർ. മേടത്തിൽ പൂത്തു കൊഴിയേണ്ടതാണു കൊന്ന. ചൂടും പകലിന്റെ ദൈർഘ്യവും കൂടിയതിനാലാണ് ചിങ്ങത്തിലും പൂവിടുന്നത്. ഈ ഘടകങ്ങൾ കൊന്നച്ചെടിയുടെ പുഷ്പിക്കൽ ഹോർമോണിനെ ഉത്തേജിപ്പിക്കുന്നു.മണ്ണിൽ വെള്ളത്തിന്റെ അംശം വൻതോതിൽ കുറയുമ്പോഴും വായുവിലെ ഈർപ്പസാന്നിധ്യം ഇല്ലാതാകുമ്പോഴും കൊന്നയിൽ ‘ഫ്ളോറിജൻ’ എന്ന പുഷ്പിക്കൽ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. മഴ പെയ്തിട്ടും മേൽമണ്ണിലെ ഈർപ്പം കുറയുകയും ഏതാനുംദിവസം വെയിൽനിന്നാൽ മണ്ണ് വരണ്ടുപോകുകയും ചെയ്യുകയാണിപ്പോൾ. മഴ മാറുമ്പോഴേക്കും ചൂടും കൂടിവരുന്നു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പൂവിടേണ്ട കൊന്നകൾ ഇപ്പോൾ പൂവിടുന്നതിനു കാരണമിതാണ്.വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന വിഭാഗത്തിൽപ്പെടുന്ന ഉഷ്ണമേഖലാസസ്യമാണു കൊന്ന. സൂര്യൻ ഭൂമിക്കു നേരേ മുകളിൽ വരുന്ന ചൂടുകൂടിയ കാലത്താണ് സ്വാഭാവികമായി ഇതു പൂക്കുന്നത്. ഉത്തരായനത്തിനിടെ സൂര്യൻ ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത് (വിഷുവം) മാർച്ച് 21-നാണ്. ഇതിനടുത്തുള്ള ചൂടേറിയ ദിനങ്ങളിലാണ് കൊന്ന പൂക്കൽ.