എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Share our post

തിരുവനന്തപുരം: മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന രോഗം. മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്. ഏറ്റവും കൂടുതൽ തവണ രോഗവ്യാപനമുണ്ടായതും ഈ രാജ്യത്ത് തന്നെയാണ്. ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം കെട്ടുപൊട്ടിച്ച് ആദ്യമായി ആഗോള ആശങ്കയാകുന്നത് 2022ലാണ്. ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമാകുന്നത്
എങ്ങനെയാണെന്നറിയാൻ എംപോക്സിന്റെ വകഭേദങ്ങളെ മനസിലാക്കണം.

രണ്ട് വകഭേദങ്ങളാണ് എം പോക്സ് വൈറസിനുള്ളത് ക്ലേഡ് വണ്ണും ക്ലേഡ് ടുവും. അവയ്ക്ക് ഉപ വകഭേദങ്ങളുമുണ്ട്. 2022നും 2023നും ഇടയിൽ എംപോക്സ് ആദ്യമായി ലോകവ്യാപകമായി പടർന്നപ്പോൾ കാരണക്കാരൻ ക്ലേഡ് ടു ബി വകഭേദമായിരുന്നു. കോംഗോയും നൈജീരിയയും കടന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വരെ അന്ന് രോഗമെത്തി. അങ്ങനെ ലോകാരോഗ്യ സംഘടന ആദ്യമായി എംപോക്സ് വ്യാപനത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

2023ഓടെ രോഗം നിയന്ത്രണവിധേയമായി. ഇപ്പോൾ വില്ലൻ ക്ലേഡ് വൺ ബി വകഭേദമാണ്. മുൻ വകഭേദങ്ങളെക്കാൾ വ്യാപന ശേഷി കൂടുതലാണ് ഇതിന്. കോംഗോയിൽ കേസുകളുടെ എണ്ണവും മരണനിരക്കും അതിവേഗമുയർന്നു. മരണനിരക്ക് ഇപ്പോൾ അ‌ഞ്ച് ശതമാനത്തിന് അടുത്താണ്. ശരീരം മുഴുവൻ പൊങ്ങുന്ന കുരുക്കൾ തന്നെയാണ്. പ്രധാന രോഗലക്ഷണം, കടുത്ത പനി, തലവേദന, പേശി വേദന, എന്നീ പ്രശ്നങ്ങളും കൂടെയുണ്ടാകും. കഴുത്തിലെ ലസികാഗ്രന്ഥികളിൽ കലശലായ വേദനയും നെഞ്ചുവേദനയും, ശ്വസിക്കാൻ ബുദ്ധിമുട്ടും ചേരുമ്പോഴാണ് രോഗം തീവ്രമാകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!