തിരുവോണപ്പുലരിയിൽ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്

പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട ജനറൽ ആസ്‍പത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി കുട്ടിയെ ആസ്‍പത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആസ്‍പത്രി അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറൽ ആസ്‍പത്രിയിലെ പരിചരണത്തിലായിരിക്കും.