ഇന്ന് തിരുവോണം; മലയാളികൾ ആഘോഷപ്പെരുമയിൽ

Share our post

ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിന്റെ പൂർണതയിലെത്തിക്കാം. മലനാടിന്റെ വായുവിലുള്ള മധുരോദാരവികാരമാണ് ഓണം എന്നെഴുതിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. മലരിൻ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികൾ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.

പഞ്ഞകർക്കിടകത്തിൽ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലെത്തുമ്പോൾ പ്രകൃതിബന്ധിതമായ കഥകളിൽ പോലുമുണ്ട് മനോഹാരിത. ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവിന് പ്രാധാന്യം ലഭിച്ചതിൽപോലുമുണ്ട് ഒരു ഐതിഹ്യം. മഹാബലിയെ വരവേൽക്കാൻ മറ്റു പൂക്കളൊക്കെ ഒരുങ്ങിച്ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ച് ഒതുങ്ങി നിന്നു. മറ്റു പൂക്കളെ തഴുകിയനുഗ്രഹിച്ച മാവേലി തുമ്പപ്പൂവിനെ ചേർത്തുപിടിച്ചുവത്രേ.കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മറ്റൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന മറ്റേത് ഉത്സവമാണ് ലോകത്തുള്ളത്.

പൂക്കളവും പൂവിളികളുമായി തിരുവോണത്തെ വരവേറ്റു കഴിഞ്ഞാൽപ്പിന്നെ ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങൾ തുടരും. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്.തുമ്പപ്പൂവിനെ ചേർത്തുപിടിച്ച മാവേലി നമുക്കൊരു മാതൃകയാണ്. സാധാരണക്കാരനെ ഒപ്പം ചേർത്ത് നിർത്താനുള്ള ആഹ്വാനമാണ് അതിനു പിന്നിൽ. തിരുവോണത്തിന്റെ നിറസമൃദ്ധിയിലേക്ക് നാം കടക്കുമ്പോൾ കഷ്ടനഷ്ടങ്ങൾ മൂലം ദുരിതങ്ങളിൽപ്പെട്ടുഴലുന്നവരെ നാം മറന്നുകൂടാ. അവരെക്കൂടി നമ്മുടെ പ്രാർത്ഥനകളിൽ ഉൾച്ചേർക്കുക. ഈ നല്ല ദിനത്തിൽ അവർക്ക് സഹായങ്ങളെത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ആരും അനാഥരാകില്ലെന്നും നാം അവർക്കൊപ്പമുണ്ടാകുമെന്നും ഉറപ്പുനൽകുക. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!