തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കാന്‍ വിഭവങ്ങളുമായി തിരുവോണത്തോണി

Share our post

തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളെത്തിക്കുക കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തുകാരാണ്. മങ്ങാട്ട് ഇല്ലത്തെ എം.എന്‍.അനൂപ് നാരായണ ഭട്ടതിരിയാണ് ഇത്തവണ തിരുവോണത്തോണിയില്‍ വിഭവങ്ങളുമായി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. പൂർവികർ ഭക്തിയിൽ വിളക്കിച്ചേർത്ത യാത്ര കൂടിയാണിത്.പ്രാർഥനയുടെ തുഴയെറിഞ്ഞാണ് ചിങ്ങത്തിലെ മൂലം നാളിൽ അനൂപ് ചുരുളൻ വള്ളത്തിൽ കാലെടുത്തുവെച്ചത്. ഇവിടെനിന്ന്‌ കാട്ടൂർക്കടവ് വരെ ചുരുളൻവള്ളത്തിലാണ് യാത്ര. മൂന്ന് പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലും പിന്നിട്ടാണ് യാത്ര. കാട്ടൂരിലെത്തിയശേഷമാണ് തിരുവോണത്തോണിയിലേക്ക് യാത്ര മാറ്റുക. ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണുക്ഷേത്രക്കടവിൽനിന്ന് തിരുവാറൻമുളയപ്പനുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയേറും. പള്ളിയോടങ്ങൾ അകമ്പടിയാകും. തിരുവോണനാളായ 15-ന് പുലർച്ചെ ആറന്മുളക്കടവിലെത്തും.തിരുവോണനാളായ 15-ന് പുലർച്ചെ ആറന്മുളക്കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽനിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാന് മുൻപിൽ സമർപ്പിക്കും. ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും. വിഭവങ്ങൾകൊണ്ട് ഭഗവാന് ഓണസദ്യയൊരുക്കും.

കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിന് പാരമ്പര്യമായി പകർന്നുകിട്ടിയതാണ് ഈ അവകാശം. മുൻപ് അനൂപിന്റെ അച്ഛൻ എം.ആർ.നാരായണ ഭട്ടതിരി തിരുവോണത്തോണിയാത്ര നടത്തിയിരുന്നു . നാലുവർഷംമുന്പ് അദ്ദേഹത്തിന്റെ വിയോഗശേഷം സഹോദരൻ എം.ആർ.രവീന്ദ്രബാബു ഭട്ടതിരി യാത്രഏറ്റെടുത്തു. ഇക്കുറി അനൂപ് ഈനിയോഗം ഏറ്റെടുക്കുകയായിരുന്നു.കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. തിരുവോണനാളിൽ ഇല്ലത്തെ മുതിർന്ന ഭട്ടതിരി ബ്രാഹ്മണർക്ക്‌ കാൽകഴിച്ചൂട്ട് നടത്തിയിരുന്നു. ഒരുവർഷം ആരുംഎത്തിയിരുന്നില്ല. സങ്കടംകൊണ്ട് തിരുവാന്മുളയപ്പനെ ഭജിച്ച് അല്പം കഴിഞ്ഞപ്പോൾ ഒരു ബ്രാഹ്മണൻ ഇല്ലത്തെത്തി. ബ്രാഹ്മണന്‌ കാൽകഴുകിച്ചൂട്ട്‌ നടത്തി.അന്ന് ഭട്ടതിരിക്ക് സ്വപ്നത്തിൽ ഭഗവാന്റെ ദർശനമുണ്ടായി. ‘ഇല്ലത്ത് വന്നത് ബ്രാഹ്മണനല്ല. തിരുവാറന്മുളയപ്പനാണ്.ഇനി മുതൽ തിരുവോണത്തിന് വിഭവങ്ങൾ ആറന്മുളയിൽ എത്തിച്ചാൽ മതി.’ അങ്ങനെ കാട്ടൂരിലെ ഇല്ലത്തുനിന്ന് വിഭവങ്ങൾ ആറന്മുളയിലെത്തിച്ചു കാലാന്തരത്തിൽ മങ്ങാട്ട് കുടുംബം കാട്ടൂരിൽനിന്ന്‌ കുമാരനല്ലൂരിലേക്കു മാറിയെങ്കിലും ആചാരത്തിൽ മാറ്റംവരുത്തിയില്ല.അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അനൂപ് നാരായണ ഭട്ടതിരി യാത്രയ്ക്കായി മാത്രമാണ് ഇക്കുറി നാട്ടിലെത്തിയത്. കഴിഞ്ഞതവണ അച്ചന്റെ അനിയന് ആരോഗ്യപ്രശ്നമുണ്ടായതിനാൽ പാതി യാത്രാവഴിയിൽ ചേർന്ന അനുഭവ സമ്പത്താണ് ഈ യാത്രയിൽ തനിക്കുള്ളതെന്നും വലിയ നിയോഗമാണിതെന്നും അനൂപ്‌ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!