ഇടുക്കി ഡാമില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സര്‍വീസ് വീണ്ടും ആരംഭിച്ചു

Share our post

ചെറുതോണി: ഇടുക്കി ഡാമില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സര്‍വീസ് വീണ്ടും ആരംഭിച്ചു. വാര്‍ഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടായിരുന്നു ബോട്ടു സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദസഞ്ചാരികള്‍ക്ക് ബോട്ട് സവാരി നടത്താന്‍ വര്‍ഷത്തില്‍ 365 ദിവസവും അവസരമൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്.ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിലാണ് ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ബോട്ടിങ് ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 155 രൂപയും 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് യാത്രാസമയം.

വെള്ളാപ്പാറ ബോട്ട് ജെട്ടിയില്‍ നിന്നാരംഭിക്കുന്ന യാത്രയില്‍ ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെയും, വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികള്‍ക്കു വിവരിച്ചു കൊടുക്കാന്‍ ഗൈഡും യാത്രികര്‍ക്ക് ഒപ്പമുണ്ടാകും. ആനയുള്‍പ്പെടെയുള്ള മറ്റു വന്യജീവികളെയും യാത്രക്കിടയില്‍ കാണാനാകും.പതിനെട്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു ബോട്ടാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇടുക്കി പാക്കേജില്‍ പെടുത്തി അനുവദിച്ചിരിക്കുന്ന 10 സീറ്റിന്റെയും 18 സീറ്റിന്റെയും രണ്ട് ബോട്ടുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ഇടുക്കി ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇതില്‍ നിന്ന് ലഭിക്കുന്നവരുമാനം വിനിയോഗിക്കുന്നത്. ജീവനക്കാരും ആദിവാസികളാണ്.സംസ്ഥാനത്ത് ഭൂരിപക്ഷം അണക്കെട്ടുകളിലും ബോട്ടിങ് നടക്കുന്നുണ്ടെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് അനുവദിച്ചിരുന്നില്ല.2015 മുതല്‍ പദ്ധതി നിലവിലുണ്ടെങ്കിലും മതിയായ പ്രചാരം കിട്ടാത്തതിനാല്‍ വേണ്ടത്ര ആളുകള്‍ ഇവിടേക്ക് എത്തുന്നില്ല. മുന്‍പ് സംസ്ഥാന വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡല്‍ ടൂറിസം വിഭാഗം ബോട്ടിങ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും കാലങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!