വന്ദേ മെട്രോ; 30രൂപയ്ക്ക് അത്യാധുനിക സൗകര്യങ്ങളുള്ള എസി ട്രെയിന്‍ യാത്ര

നഗരയാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേ രൂപകല്പന ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സര്‍വീസ് ഗുജറാത്തിലെ അഹമ്മദാബാദ് – ഭുജ് പാതയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച വണ്ടിയിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഉദ്ഘാടനത്തിയതി തീരുമാനിച്ചിട്ടില്ല.അഹമ്മദാബാദ്-ഭുജ് പാതയില്‍ ആഴ്ചയില്‍ ആറു ദിവസമായിരിക്കും വന്ദേ മെട്രോ സര്‍വീസ്. സൗകര്യപ്രദമായ ഏറ്റവും അടുത്ത തീയതിയില്‍ ഇതിന്റെ ഉദ്ഘാടനം നടത്താന്‍ പശ്ചിമ റെയില്‍വേക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച വണ്ടിയുടെ പരീക്ഷണയോട്ടം കഴിഞ്ഞ മാസമാണ് നടന്നത്.ഇപ്പോള്‍ നിലവിലുള്ള മെമു വണ്ടികളുടെ പരിഷ്‌കൃത രൂപമാണ് വന്ദേ മെട്രോ. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ പകല്‍യാത്രയാണ് ഇതിന്റെ സവിശേഷത. മണിക്കൂറില്‍ 110 മുതല്‍ 130 വരെ കിലോ മീറ്ററായിരിക്കും വേഗം. 12 കോച്ചുള്ള വണ്ടിയുടെ ഒരു ഒരു കോച്ചില്‍ നൂറുപേര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനും കഴിയും. സ്വയം പ്രവര്‍ത്തിക്കുന്നവയാണ് വാതിലുകള്‍. തീവണ്ടികള്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളുമുണ്ട്.