വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി

Share our post

മോട്ടർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി.ഇതിന്റെ പേരില്‍‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളില്‍ വാഹനങ്ങളില്‍ സേഫ്റ്റി ഗ്ലേസിങ് ഉപയോഗിത്താൻ അനുവദിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച്‌ മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻപിൻ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.

എന്നാല്‍ ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അത് നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിർത്താൻ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.കൂളിങ് ഫിലിം നിർമിക്കുന്ന കമ്ബനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നല്‍കിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!