വാട്സ്ആപ്പ് കോളും സേഫല്ല! ഈ ആപ്പുകളെ കരുതിയിരിക്കുക

Share our post

സാധാരണ കോൾ വിളിക്കുമ്പോഴുള്ള കോള്‍ റെക്കോർഡിംഗിനെ പേടിച്ച് വാട്സ്ആപ്പ് കോളിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ വാട്സ്ആപ്പ് കോളും സേഫല്ലെന്നാണ് സൂചനകൾ. സാധാരണ കോളുകൾ റെക്കോർഡ് ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ (ട്രായ്) നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇത്തരമൊരു നിയന്ത്രണം ഇല്ലാത്തതാണ് വാട്സ്ആപ്പ് കോളുകൾ റെക്കോഡ് ചെയ്യാനുള്ള മൊബൈൽ ആപ്പുകളുടെ പ്രചാരത്തിന് പിന്നിൽ. വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാനായി തേർഡ് പാർട്ടി ആപ്ലിക്കേഷനെയാണ് തട്ടിപ്പ് സംഘങ്ങള്‍ ആശ്രയിക്കുന്നത്. വാട്സ്ആപ്പ് കോളുകൾ ആപ്പുകൾ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാൻ ട്രായ് പോലുള്ള സംവിധാനങ്ങൾക്ക് അധികാരമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐടി നിയമമാണ് റെക്കോർഡ് ചെയ്യപ്പെട്ടു എന്ന് പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോൾ റെക്കോർഡ് ചെയ്യുന്നു എന്ന് തിരിച്ചറിയാൻ പ്രയാസമാണ്.

തേർഡ് പാർട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോള്‍ റെക്കോർഡിംഗ് പാടില്ലെന്നത് വിദേശത്തെ പല രാജ്യങ്ങളും നേരത്തെ നടപ്പാക്കിയ നിയമമാണ്. ഇത് ഇന്ത്യയിൽ നടപ്പാക്കുന്നത് വൈകിയാണ്. പഴയ മൊബൈൽ ഫോണുകളിലേക്ക് വരുന്ന കോളുകൾ റെക്കോർഡ്‌ ചെയ്താലും വിളിക്കുന്നയാൾ അറിയാതെ പോവുന്നതിന്‍റെ കാരണമിതാണ്. തേർഡ് പാർട്ടി ആപ്ലിക്കേഷനിൽ മിക്കതിലും വീഡിയോ റെക്കോർഡിംഗ് അടക്കമുള്ള ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയവയാണ്. ഓൺലൈൻ തട്ടിപ്പിലെ ഹണിട്രാപ്പിങ്ങിന് ഉപയോഗിക്കുന്നതും ഇത്തരം ആപ്പുകളാണ്.

റെക്കോർഡ് ചെയ്യുന്ന വോയ്സ്, വീഡിയോ എന്നിവ ആവശ്യക്കാരുടെ സൗകര്യത്തിനനുസരിച്ച് കട്ട് ചെയ്യാനും ചില ആപ്പുകളിൽ ഫീച്ചറുകളുണ്ട്. ഫേസ്ബുക്ക് മെസ്സെഞ്ചർ കോളുകൾ റെക്കോർഡ് ചെയ്യാനുള്ള സൗകര്യവും ചില ആപ്പുകളിൽ ഉള്ളതായി കാണാം. ഇതെല്ലാം വലിയ ആശങ്ക സമ്മാനിക്കുന്നതാണ്. വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കോളുകള്‍ സേഫല്ല എന്ന് ചുരുക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!