സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ ഇന്ന് മുതൽ

കണ്ണൂർ: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 200 ഇടങ്ങളിലായി സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ ഇന്ന് (സെപ്റ്റംബർ 01) മുതൽ സംഘടിപ്പിക്കും. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ. ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചാണ് ക്യാമ്പുകൾ.
ജില്ലയിലെ മുഴുവൻ സർക്കാർ ആയുഷ് ആസ്പത്രികൾ, ഡിസ്‌പെൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്‌പെൻസറികൾ എന്നിവ മുഖേന പ്രാദേശികാടിസ്ഥാനത്തിൽവിവിധ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ നടത്തുക. വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, റഫറൽ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാ ക്ലാസുകൾ എന്നിവ ക്യാമ്പുകളിൽ സംഘടിപ്പിക്കും.
തുടർ ചികിത്സ ആവശ്യമായവർക്ക് അതും ഉറപ്പാക്കുന്നതാണ്. ക്യാമ്പിന്റെ സേവനം എല്ലാ മുതിർന്ന പൗരൻമാരും ഉപയോഗപ്പെടുത്തണമെന്നും ഇതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ അറിയിച്ചു.