ഒടുവിൽ കാരുണ്യത്തിന്റെ വെളിച്ചം; ഫുട്പാത്തിൽ കിടന്ന വയോധികയെ സ്നേഹഭവനിലേക്ക് മാറ്റി

തലശ്ശേരി: ദിവസങ്ങളോളം ചിറക്കരയിലെ ഫുട്പാത്തിൽ വെയിലേറ്റും മഴ നനഞ്ഞും കിടന്ന അമ്മയെ കണ്ട് പലരും മുഖം തിരിച്ചെങ്കിലും ഒടുവിൽ കാരുണ്യത്തിന്റെ കൈത്തിരി വെട്ടവുമായി ഏതാനും മനുഷ്യസ്നേഹികൾ എത്തി. അതിൽ പാറാൽ ബാബുവുണ്ട്, എ.എസ്പി: കെ.എസ്. ഷഹൻഷയും ആർപിഎഫ് കോൺസ്റ്റബിൾ റോജനും എസ്ഐ മനോജുമുണ്ട്. കൂലിപ്പണിക്കെത്തിയ തമിനാട്ടുകാരിയായ യുവതിയുണ്ട്. ഇവരുടെയെല്ലാം ഇടപെടലിൽ 75 വയസ്സുള്ള വയോധികയെ ഇന്നലെ തെരുവിൽ നിന്ന് അറയങ്ങാട് സ്നേഹഭവന്റെ സ്നേഹത്തണലിലേക്ക് കൈപിടിച്ചു കയറ്റി.നൊമ്പര കാഴ്ചയായി വയോധിക ചിറക്കരയിലെ ഫുട്പാത്തിൽ കിടക്കുന്നത് സംബന്ധിച്ച് ഇന്നലെ മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ തന്നെ ഇവർക്ക് ഒരു ഷെൽട്ടർ ഒരുക്കണമെന്ന അഭ്യർഥനയുമായി പാറാൽ ബാബു എ.എസ്പി: ഷഹൻഷയെ സമീപിച്ചു. കേൾക്കേണ്ട താമസം പൊലീസ് ഉദ്യോഗസ്ഥൻ സ്നേഹഭവൻ അധികൃതരെ വിളിച്ചു സൗകര്യം ചെയ്യാൻ നിർദേശിച്ചു.പിന്നെ വൈകിയില്ല. റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി വയോധികയ്ക്ക് കൂട്ടായി അറയങ്ങാട് വരെ പോവാൻ സന്നദ്ധയായി. ബാബു എത്തിച്ച വാനിൽ കയറ്റി അവരെ സ്നേഹ ഭവനിൽ എത്തിച്ചു. താൻ പഞ്ചാബ് സ്വദേശിയാണെന്നും മൻജിത്ത് കൗർ എന്നാണ് പേരെന്നും പിതാവിന്റെ പേര് വിനോദ് കുമാർ ആണെന്നുമാണ് വയോധിക സ്നേഹഭവൻ അധികൃതരോട് പറഞ്ഞത്.