ഇന്ത്യയിലെ വിദ്യാര്‍ഥി ആത്മഹത്യാനിരക്കില്‍ അപകടകരമായ വര്‍ധന; ജനസംഖ്യാ വളര്‍ച്ചാ നിരക്കിനും മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാനിരക്കില്‍ അപകടകരമായ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ആന്വല്‍ ഐ.സി.3 കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2024-ല്‍ അവതരിപ്പിക്കപ്പെട്ട സ്റ്റുഡന്റ്‌സ് സൂയിസൈഡ്‌സ്: ആന്‍ എ.പിഡെമിക് സ്വീപിങ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെയും മൊത്തത്തിലുള്ള ആത്മഹത്യാനിരക്കിനെയും മറികടക്കുന്നതാണ് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാനിരക്ക്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി.)യില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തെ ആകെ ആത്മഹത്യാനിരക്കില്‍ പ്രതിവര്‍ഷം രണ്ടുശതമാനം വര്‍ധനയുണ്ടാകുമ്പോള്‍ വിദ്യാര്‍ഥി ആത്മഹത്യാനിരക്കിലെ വര്‍ധന നാലുശതമാനമാണ്. 2022-ല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളില്‍ 53 ശതമാനവും ആണ്‍ വിദ്യാര്‍ഥികളായിരുന്നു. 2021-22 കാലയളവില്‍ ആണ്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്കില്‍ ആറുശതമാനം കുറവുണ്ടായെങ്കിലും പെണ്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്കില്‍ ഏഴുശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.കണക്കില്‍പ്പെടാത്ത സംഭവങ്ങളും ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ 0-24 വയസ്സിനിടെയുള്ളവരുടെ ജനസംഖ്യ 58.2 കോടിയില്‍ നിന്ന് 58.1 കോടിയായി കുറഞ്ഞപ്പോള്‍ വിദ്യാര്‍ഥി ആത്മഹത്യാനിരക്ക് 6,654-ല്‍നിന്ന് 13,044 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് വിദ്യാര്‍ഥി ആത്മഹത്യകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. ആകെ ആത്മഹത്യകളുടെ മൂന്നിലൊന്നും ഇവിടങ്ങളില്‍ നിന്നാണ്.