വയനാടിന് വന്‍ സാമ്പത്തികനഷ്ടം; എന്ന് തുറക്കും എടക്കല്‍ ഗുഹയും ചീങ്ങേരിമലയും

Share our post

ചൂരല്‍മല ദുരന്തപശ്ചാത്തലത്തില്‍ പ്രവേശനം നിരോധിച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ആവശ്യം. അമ്പലവയല്‍ മേഖലയില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്ന എടക്കല്‍ ഗുഹയും സാഹസികസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചീങ്ങേരിമലയും ഒരുമാസമായി അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദുരന്തം ഒരുതരത്തിലും ബാധിക്കാത്ത കേന്ദ്രങ്ങള്‍ തുറക്കാന്‍ വൈകുന്നത് വ്യാപാരമേഖലയെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കി.

ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ ജൂലായ് 29-ന് ശേഷം അടച്ചിട്ട കേന്ദ്രങ്ങള്‍ പലതും തുറന്നുതുടങ്ങി. ഒടുവില്‍ തുറന്നത് ബാണാസുരസാഗര്‍ അണക്കെട്ടാണ്. ഇതുള്‍പ്പെടെ ജില്ലയില്‍ ഏഴുകേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുളളത്. എടക്കല്‍ ഗുഹയും ചീങ്ങേരിമലയും തുറക്കുന്നതിന് സജ്ജമാണെങ്കിലും ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ കേന്ദ്രങ്ങള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പ്രദേശവാസികളും.

അനുമതിക്കായി കാത്തിരിപ്പ്

ഒരുദിവസം 1920 പേര്‍ക്കാണ് എടക്കല്‍ ഗുഹയില്‍ പ്രവേശനമുള്ളത്. കേന്ദ്രം തുറക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം ഇവിടേക്കുള്ള റോഡ് നന്നാക്കി. ജീവനക്കാരും വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ്.) എടക്കല്‍ യൂണിറ്റും ചേര്‍ന്നാണ് റോഡ് നന്നാക്കിയത്. റോഡിന്റെ വശങ്ങളിലെ കാടുവെട്ടിയും ഗുഹാപരിസരം വൃത്തിയാക്കുകയും ചെയ്തു. അനുമതി ലഭിച്ചാലുടന്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലനിരകളില്‍നിന്ന് വലിയ ശബ്ദമുണ്ടായ സംഭവം ഗൗരവമുള്ളതല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച ആശങ്കയൊഴിഞ്ഞിരിക്കുകയാണ്.

മലകയറാന്‍ നല്ലസമയം

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ചീങ്ങേരിമല. മലകയറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. കേന്ദ്രം സുരക്ഷിതമാണെന്നും സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നതിന് സജ്ജമാണെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടേക്കുള്ള പാതയും പരിസരങ്ങളും വൃത്തിയാക്കുകയും ചെയ്തു. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ചീങ്ങേരിമലയും. ഒരാഴ്ചയ്ക്കകം ഇവയുള്‍പ്പെടെ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നേരിടുന്നത് വന്‍ സാമ്പത്തികനഷ്ടം

ഒരുമാസമായി സന്ദര്‍ശകര്‍ വരാതായതോടെ എടക്കല്‍ പരിസരത്തെ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുകയാണ്. വിനോദസഞ്ചാരികളെമാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതോടൊപ്പം പരിസരത്തെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയിലും ആളൊഴിഞ്ഞു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ വ്യാപാരമേഖല ആകെത്തകരുമെന്ന് റിസോര്‍ട്ട് ഉടമ സുബൈര്‍ വയനാട് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!