പഠനത്തിനൊപ്പം നൈപുണിപരിശീലനം; എല്ലാ കോളേജിലും തൊഴിൽകേന്ദ്രം ഒരുക്കും

Share our post

തിരുവനന്തപുരം: നാലുവർഷബിരുദം നടപ്പായതോടെ, സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ തൊഴിൽകേന്ദ്രങ്ങളും ഒരുക്കും. നൈപുണിപരിശീലനം ലഭ്യമാക്കി വിദ്യാർഥികൾക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. കോളേജുകളിൽ സെന്റർ ഫോർ സ്‌കിൽ ഡിവലപ്‌മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിങ് (സി.എസ്.ഡി.സി.സി.പി.) എന്നപേരിലുള്ള ‘തൊഴിൽ നൈപുണി കേന്ദ്രം’ തുടങ്ങാൻ സർക്കാർ പൊതുമേഖലാ കമ്പനിയായ അസാപ്പിനാണ് ചുമതല. ഇതിനകം നൂറു കോളേജുകളുമായി ധാരണാപത്രം ഒപ്പിട്ടതായി അസാപ് അധികൃതർ പറഞ്ഞു. വിദേശത്തേക്കുള്ള മലയാളികളുടെ കുടിയേറ്റം പഠനത്തിനൊപ്പം തൊഴിലവസരംകൂടി ലക്ഷ്യമിട്ടായതിനാൽ വിദ്യാർഥികളെ ഇവിടെ പിടിച്ചുനിർത്തുകകൂടി ലക്ഷ്യമിട്ടാണ് സർക്കാരിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസപരിപാടി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി എണ്ണൂറോളം ആർട്‌സ് ആൻഡ് സയൻസ് കോളേജുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം ‘നൈപുണി കേന്ദ്രങ്ങൾ’ വികസിപ്പിക്കാൻ പ്രത്യേക സ്ഥലമോ കെട്ടിടമോ നീക്കിവെക്കാനാണ് നിർദേശം. നൈപുണി കേന്ദ്രങ്ങൾവഴി ഇരുനൂറിലേറെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ലഭ്യമാക്കും. ഒരുലക്ഷം ഇന്റേൺഷിപ്പ് അവസരവും ഒരുക്കും. നിത്യജീവിതത്തിൽ അനിവാര്യമായ തൊഴിൽ നൈപുണി, ഐ.ടി., തുടങ്ങിയ പഠനവും പരിശീലനവും നാലുവർഷ കോഴ്‌സിന്റെ ഭാഗമാണ്. ഇതിനുപുറമെയാണ് നൈപുണി കേന്ദ്രങ്ങളിലെ കോഴ്‌സുകൾ. ഇവയ്ക്ക് സർവകലാശാലകൾ ക്രെഡിറ്റ് നൽകും. മൂന്നുവർഷ ബിരുദത്തിൽ ഒരു മൈനറും ഓണേഴ്‌സിൽ പരമാവധി രണ്ടു മൈനറും പഠിക്കാം. നൈപുണികേന്ദ്രത്തിലെ മറ്റു കോഴ്‌സുകൾ വഴി എക്‌സ്ട്രാ ക്രെഡിറ്റും നേടാം.

അസാപിന്റെ ദൗത്യം ഇങ്ങനെ

* ഓഫ് ലൈൻ കേന്ദ്രമാണെങ്കിൽ കോഴ്‌സുകളും ഫാക്കൽറ്റിയും ഒരുക്കും

* കോളേജിലെ കംപ്യൂട്ടർ ലാബോ മറ്റോ ഉപയോഗിച്ചുള്ള ഓൺലൈൻ കേന്ദ്രമാണെങ്കിൽ അതിനുള്ള ക്രമീകരണം

* തൊഴിൽ-നൈപുണി പഠനവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി രൂപകല്പന, വിലയിരുത്തൽ, സർട്ടിഫിക്കേഷൻ

* മൈനർ കോഴ്‌സുകളുടെ പഠനവും സൗകര്യവും

* നിലവിലെ ബിരുദഘടനയ്ക്കു പുറത്തുള്ള ഹ്രസ്വകാല-സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

* ഇന്റേൺഷിപ്പ് അവസരങ്ങളും വ്യവസായ സ്ഥാപനങ്ങളിലെ പരിശീലനവും

* തൊഴിൽപഠനം പൂർത്തിയായവർക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കൽ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!