കാരുണ്യത്തിന്റെ സുഗന്ധമായ് ‘എഡ്യുസോപ്പ് ’

Share our post

തലശേരി: പഠനത്തിനും സാമൂഹ്യ പ്രവർത്തനത്തിനുമിടെയുള്ള സമയം ഉപയോഗപ്പെടുത്തി കുഞ്ഞുസംരംഭത്തിന്റെ ഉടമകളാവുക. അതിലെ വരുമാനം സാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ നീക്കിവയ്‌ക്കുക. തലശേരി ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസ്‌ വളന്റിയർമാരാണ്‌ ഹെർബൽ സോപ്പ്‌ നിർമാണം പുതുസംരഭത്തിന്‌ തുടക്കമിട്ടത്‌. വൻകിടകമ്പനികൾ മത്സരിക്കുന്ന വിപണിയിലേക്കാണ്‌ ‘എഡ്യു സോപ്പ്‌’ എന്ന ബ്രാൻഡുമായി ഈ കുഞ്ഞു സംരംഭകരുടെ വരവ്‌. മുപ്പത്‌ രൂപ വിലയുള്ള സോപ്പ്‌ വിറ്റ്‌ കിട്ടുന്ന വരുമാനം എൻ.എസ്‌.എസിന്റെ ഭാവി പ്രവർത്തനത്തിനാണ്‌ ഉപയോഗിക്കുക. സ്‌കൂളിൽ കലാ സാഹിത്യ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘സ്‌നേഹിത’ എന്ന കലാട്രൂപ്പും എൻ.എസ്‌.എസ്‌ വളന്റിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഹ്രസ്വസിനിമ വൈകാതെ പുറത്തിറങ്ങും. വിദ്യാർഥിനികൾ തന്നെയാണ്‌ തിരക്കഥയും സംവിധാനവും. സംവിധായകൻ ജിത്തു കോളയാടിന്റെ ക്ലാസാണ്‌ സിനിമപിടിക്കാൻ പ്രചോദനമായത്‌. പഠനത്തെ ബാധിക്കാതെയാണ്‌ ഈ പ്രവർത്തനങ്ങളെല്ലാം.
പ്രിൻസിപ്പൽ എൻ. രാജീവൻ, പ്രോഗ്രാം ഓഫീസർ ടി വിജി എന്നിവരുടെ പിന്തുണയിലാണ്‌ നൂതന ആശയങ്ങൾ സ്‌കൂളിൽ നടപ്പാക്കുന്നത്‌. നഗരസഭയുടെ ശുചിത്വ പദ്ധതിയിലും എൻ.എസ്‌.എസ്‌ യൂണിറ്റ്‌ സജീവമാണ്‌. എഡ്യു സോപ്പിന്റെ ആദ്യ വിൽപ്പന പി.ടി.എ പ്രസിഡന്റ്‌ വി ഷഹരിയാർ നിർവഹിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!