കോഴിക്കോട്: കോട്ടപ്പറമ്പ് ആസ്പത്രിയിലെ ആരോഗ്യപ്രവർത്തകർക്കും ജീവനക്കാർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പതിന്നാല് ജീവനക്കാർക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റമാർ എന്നിവരുൾപ്പെടുന്നു. ജൂൺ 17-നാണ് ഡെങ്കി ആദ്യം റിപ്പോർട്ടുചെയ്തത്. അത്യാഹിതവിഭാഗത്തിലും, ഒ.പി.യിലും ഡ്യൂട്ടിചെയ്യുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് ഡെങ്കി ബാധിച്ചത്. ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും ആരോഗ്യപ്രവർത്തകരല്ലാതെ മറ്റാർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും സൂപ്രണ്ട് ഡോ. എം. സുജാത അറിയിച്ചു. നിലവിൽ 70 കിടപ്പുരോഗികൾ കോട്ടപ്പറമ്പ് ആശുപത്രിയിലുണ്ട്. ബുധനാഴ്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം കോഴിക്കോട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ആശുപത്രിക്കകത്തും പുറത്തും പരിശോധന നടത്തി ഉറവിടസാധ്യതകളും വ്യാപനം തടയാനുള്ള മാർഗങ്ങളും കണ്ടെത്തി. കോട്ടപ്പറമ്പ് ആശുപത്രിയുടെ സമീപപ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും വെക്ടർ കൺട്രോൾ യൂണിറ്റ് പരിശോധനനടത്തി. ബുധനാഴ്ച വൈകീട്ട് കോർപ്പറേഷൻ ആരോഗ്യവിഭാഗം ആശുപത്രിയുടെ ചുറ്റും ഫോഗിങ്ചെയ്തു. കിടപ്പുരോഗികൾക്ക് അസൗകര്യമാകുമെന്നതിനാലാണ് ആശുപത്രിക്കകത്ത് ഫോഗിങ് ചെയ്യാത്തതെന്ന് വെക്ടർ കൺട്രോൾ യൂണിറ്റ് സീനിയർ ബയോളജിസ്റ്റ് എസ്. സബിത പറഞ്ഞു.
പേടി വേണ്ട, ജാഗ്രത മതി
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാം വിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനിബാധിച്ചാൽ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലസൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.