ലിമിറ്റഡല്ല ഇനി ഓട്ടോഓട്ടം; സംസ്ഥാന പെര്‍മിറ്റിന് സേഫല്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ട്; ഓകെയെന്ന് കേരളം

Share our post

ഓട്ടോറിക്ഷകള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ഫ്രാക്സ്ട്രച്ചര്‍ പ്രോജക്ട് സി.ഇ.ഒ അംബുജ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഉപരിതല ഗതാഗതമന്ത്രാലയം നിയോഗിച്ച സമിതി സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ദീര്‍ഘദൂര യാത്രകള്‍ക്ക് ഓട്ടോറിക്ഷകള്‍ യോജ്യമല്ലെന്നുള്ളത്. ആറുവരി ദേശീയ പാതകളിലും, എക്പ്രസ് ഹൈവേകളിലും ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

ഇത് പിന്‍തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും, മഹാനഗര കോര്‍പറേഷനുകളും ഓട്ടോറിക്ഷകളെ ഹ്രസ്വദൂര യാത്രകള്‍ക്കായി നിജപ്പെടുത്തിയിരിക്കുമ്പോഴാണ്, സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന പെര്‍മിറ്റ് നല്‍കിയത്. കേരളത്തിലൊഴികെ മറ്റൊരിടത്തും ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. ഇത്തരം പഠനങ്ങളൊന്നും പരിഗണിക്കാതെയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി (എസ്.ടി.എ) ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് അനുവദിച്ചത്.

ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍സ്ട്രി സ്റ്റാന്‍ഡേര്‍ഡില്‍ മുച്ചക്രവാഹനങ്ങളുടെ മാനദണ്ഡങ്ങളില്‍ ഓട്ടോറിക്ഷകളെ ഹ്രസ്വദൂര യാത്രകള്‍ക്കുള്ള വാഹനമായിട്ടാണ് നിര്‍വചിച്ചിട്ടുള്ളത്. ഇ-റിക്ഷകള്‍ക്കായി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചപ്പോഴും ഹ്രസ്വദൂര വിഭാഗത്തിലെ ലാസ്റ്റ്മൈല്‍ കണക്ടവിറ്റി വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമല്ലാത്ത ഏക വാഹനവും ഓട്ടോറിക്ഷയാണ്. വാഹന നിര്‍മാതാക്കളൊന്നും ഇവ ദീര്‍ഘദൂരയാത്രകള്‍ക്ക് ഫലപ്രദമാണെന്ന് അവകാശപ്പെടുന്നില്ല.

മുച്ചക്രവാഹനമായതിനാല്‍ സ്ഥിരത കുറവുള്ള വാഹനങ്ങളായി പരിഗണിച്ചാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥിരത ഇല്ലാത്തതിനാല്‍ പെട്ടെന്ന് മറിയാന്‍ സാധ്യതയുണ്ടെന്നാണ് ഉപരിതല ഗതാഗതമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഉറപ്പില്ലാത്ത മേല്‍മൂടിയുള്ള ഇവ മറിഞ്ഞാല്‍ യാത്രക്കാരുടെ തലയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സമിതി വിലയിരുത്തുന്നു. സിറ്റി ബസുകളിലേതിന് സമാനമായ സീറ്റുകളാണ് ഓട്ടോറിക്ഷകള്‍ക്കും നല്‍കിയിട്ടുള്ളത്. ദീര്‍ഘദൂര യാത്രയ്ക്കുള്ള വാഹനങ്ങളില്‍ ചാരിഇരിക്കാവുന്ന സീറ്റുകളാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

അതേസമയം, ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് സൗകര്യപ്രദമാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ജില്ലാ അടിസ്ഥാനത്തിലെ നിയന്ത്രണങ്ങള്‍ കാരണം യാത്രക്കാര്‍ക്ക് തൊഴിലാളികള്‍ക്കും അസൗകര്യങ്ങളുണ്ട്. ചികിത്സയ്ക്കും മറ്റു മെഡിക്കല്‍കോളേജ് ആശുപത്രികളെയും മറ്റും സമീപിക്കേണ്ടിവരുന്ന സാധാരണക്കാര്‍ക്ക് ഓട്ടോറിക്ഷകള്‍ ആശ്രയമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!