സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ലോട്ടറി വില്‍പന; 60 ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്

Share our post

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറി വില്‍പന നടത്തുന്ന ആപ്പുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള പൊലീസ്. ഇത്തരം 60 വ്യാജ ആപ്പുകള്‍ സൈബര്‍ പട്രോളിങ്ങിനെ തുടര്‍ന്ന് കണ്ടെത്തിയതായി കേരള പൊലീസ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലും 20 വെബ്സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കും. വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റക്ക് നോട്ടീസ് നല്‍കിയതായും കേരള പൊലീസ് അറിയിച്ചു.

സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജ പരസ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തില്‍ പറയുന്ന നമ്പറിലേക്ക് 40 രൂപ അയച്ചാല്‍ വാട്‌സ്ആപ്പിലേക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ച് നല്‍കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ച് നല്‍കുകയും ഫലം പരിശോധിക്കുമ്പോള്‍ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും. ഇതോടെ തട്ടിപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിക്കുകയും സമ്മാനത്തുക ലഭിക്കാന്‍ ജി.എസ്.ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്ത് കഴിയുമ്പോള്‍ റിസര്‍വ് ബാങ്ക് സമ്മാനത്തുക പിടിച്ച് വച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിര്‍മ്മിച്ച രേഖകളും വീഡിയോകളും ഇരകള്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!