മാലിപ്പാറ ഇരട്ടക്കൊലക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കോതമംഗലം(എറണാകുളം): മാലിപ്പാറ ഇരട്ടക്കൊലക്കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കേസിലെ ഒന്നാം പ്രതിയായ മാലിപ്പാറ സൊസൈറ്റിപ്പടി പുതുവല്‍ പുത്തന്‍പുര സജീവ്, രണ്ടാം പ്രതി മാലിപ്പാറ അമ്പാട്ട് സന്ദീപ് എന്നിവരെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇതിനുപുറമേ ഒരു വര്‍ഷം കഠിന തടവും ഒരു ലക്ഷം വീതം പിഴയും വിധിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തംകുഴി കോച്ചേരിത്തണ്ട് ചെങ്ങമനാട്ട് ബിബിന്‍ എബ്രാഹം (26) പിണ്ടിമന ചെമ്മീന്‍കുത്ത് കൊല്ലുംപറമ്പില്‍ വിഷ്ണു (17) എന്നിവരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. പിണ്ടിമന നാടോടി ഗാന്ധിനഗര്‍ കോളനിക്ക് സമീപമുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
കേസിലെ മൂന്നാം പ്രതി പാണിയേലി കളപ്പുരയ്ക്കല്‍ പ്രസന്നന്‍, നാലാം പ്രതി ഐരൂര്‍പാടം മേക്കമാലി ജിന്‍സന്‍ ജോസ്, ആറാം പ്രതി പാണിയേലി ചെറുവള്ളിപ്പടി സരുണ്‍ എന്നിവരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു. അഞ്ചാം പ്രതി പാണിയേലി കരിപ്പക്കാടന്‍ എ.ബി എല്‍ദോസ് വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു.കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ജി.ഡി.വിജയകുമാര്‍ അന്വേഷണം നടത്തിയ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം.സജീവ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.ജ്യോതികുമാര്‍ ഹാജരായി.