കേരള പോലീസിനൊപ്പം ഇനി നിർമിതബുദ്ധിയും; കുറ്റകൃത്യങ്ങൾ പ്രവചിക്കും
കൊച്ചി: നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ കേരള പോലീസ് കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുന്ന (ക്രൈം ഫോർകാസ്റ്റിങ്) സംവിധാനമൊരുക്കുന്നു. കുറ്റവാളികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ഡേറ്റാബേസ് എ.ഐ. സഹായത്തോടെ വിശകലനംചെയ്താകും കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുക. ക്രൈം ഡേറ്റ പഠനത്തിലൂടെ കുറ്റകൃത്യങ്ങളുണ്ടാകാൻ ഇടയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ കഴിയും. ഒപ്പം, സ്ഥിരംകുറ്റവാളികളെയും കുറ്റവാളികളുടെ പട്ടികയിൽ ഇടംപിടിച്ചവരെയും നിരീക്ഷിക്കും. കുറ്റവാളികൾ ഫോണിലും സാമൂഹികമാധ്യമങ്ങളിലും ഇന്റർനെറ്റ് സംവിധാനങ്ങളിലും അവശേഷിപ്പിക്കുന്ന തെളിവുകളും ശേഖരിക്കും. പോലീസ് ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി വിഭാഗം എസ്.പി.യുടെ മേൽനോട്ടത്തിൽ എട്ടംഗ പോലീസ് സംഘമാണ് ക്രൈം ഫോർകാസ്റ്റിങ് സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഏതെങ്കിലുമൊരു സ്ഥലത്ത്, പ്രത്യേകസമയത്ത് ആവർത്തിച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളെ വിലയിരുത്തി സമാനസംഭവം വീണ്ടുമുണ്ടാകുമോ എന്ന മുന്നറിയിപ്പുനൽകാനും തടയാനും ഇൗ സംവിധാനം ഉപകരിക്കും. കുറ്റകൃത്യങ്ങളുടെ എണ്ണം, ജനസംഖ്യാപരമായ വിവരങ്ങൾ, പഴയകാല കുറ്റകൃത്യങ്ങളുടെ കണക്ക് എന്നിവ അടിസ്ഥാനമാക്കി ക്രൈം ഹോട്ട്‌സ്പോട്ടുകൾ നിർണയിക്കും. ഇത്തരം മേഖലകളിൽ പോലീസ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. കുറ്റകൃത്യങ്ങളെ അതുനടക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ജി.ഐ.എസ്. ക്രൈംമാപ്പിങ് സംസ്ഥാനത്ത് ഒരു വർഷംമുൻപ് തുടങ്ങിയിരുന്നു.