‘എന്റെ നന്ദിനിക്കുട്ടി’യുടെ സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

കോലഞ്ചേരി: ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്ത വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. 1984 ഓഗസ്റ്റ് 19-നാണ് എന്റെ നന്ദിനിക്കുട്ടി റിലീസായത്. അതിന്റെ നാല്പതാം വാർഷികത്തിലാണ് സംവിധായകന്റെ വേർപാട്. ഇതുകൂടാതെ അൻപതോളം ചിത്രങ്ങളുടെ സഹ സംവിധായകനുമാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയ ശേഷം എഴുപതുകളിൽ തിരുവനന്തപുരം മെരിലാൻഡ് സ്റ്റുഡിയോയിൽ, നിർമാതാവും സംവിധായകനുമായ പി. സുബ്രഹ്മണ്യത്തിന്റെ കീഴിലാണ് സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് എം. കൃഷ്ണൻ നായർ, ശശികുമാർ, എ. ഭീംസിങ്, പി.എൻ. സുന്ദരം, തോപ്പിൽ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴിൽ അൻപതോളം സിനിമകളിൽ സഹ സംവിധായകനായി. അടൂർ ഭാസി സംവിധാനം ചെയ്ത ‘ആദ്യപാഠ’ത്തിന്റെ സഹ സംവിധായകനായിരുന്നു.
പ്രശസ്ത സംവിധായകൻ മോഹന്റെ ആദ്യകാല ചിത്രങ്ങളിൽ മുഖ്യ സഹ സംവിധായകനായും പ്രവർത്തിച്ചു. ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം സിനിമാ നിർമാണത്തിലും പങ്കാളിയായിട്ടുണ്ട്. എന്റെ നന്ദിനിക്കുട്ടി സിനിമ പൂർത്തിയാക്കി സാങ്കേതിക പ്രശ്‌നങ്ങൾ മൂലം വൈകിയാണ് റിലീസ് ചെയ്തത്. പുഴയോരഴകുള്ള പെണ്ണ്, ആലുവാ പുഴയോരഴകുള്ള പെണ്ണ് എന്ന് തുടങ്ങുന്ന യേശുദാസിന്റെ ഹിറ്റ്ഗാനം ഈ ചിത്രത്തിലേതായിരുന്നു. പിന്നീട് വത്സൻ സിനിമാ വിതരണ രംഗത്തെത്തി. തമിഴ് സിനിമയായ ചങ്കിരി ഏറ്റെടുത്തുവെങ്കിലും സിനിമ റിലീസാകാതെ വന്നതോടെ ഈ രംഗം വിട്ടു. പുത്തൻകുരിശ് മാളിയേക്കൽ പരേതരായ കണ്ണേത്ത് ഇട്ടൻ കുരിയന്റെയും വിത്തമ്മയുടെയും മകനാണ്. ഭാര്യ: വത്സ, വെണ്ണിക്കുളം തുർക്കടയിൽ കുടുംബാംഗം. മകൻ: അരുൺ കണ്ണേത്ത്. മരുമകൾ: നീതു (ഇരുവരും ദുബായ്). സംസ്‌കാരം പുത്തൻകുരിശ് സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.