കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിരം പ്രതി; ജപ്തികളേറ്റുവാങ്ങാന്‍ ഊട്ടിബസിന്റെ ജീവിതം ഇനിയും ബാക്കി

Share our post

ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസ് എവിടെയെങ്കിലുംവെച്ച് ആരെയെങ്കിലും ഇടിക്കുകയോ ഉരസുകയോ കേസില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ കടലാസ് വരുന്നത് മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി ബസിന്റെ പേരിലാണ്. നൂറുകണക്കിന് കേസുകളാണ് ഇങ്ങനെ ഏറ്റുവാങ്ങിയത്. ഇരുപതോളം ജപ്തികളും കഴിഞ്ഞു. വെള്ളിയാഴ്ചയുമുണ്ടായി ഒരു ജപ്തി. 2008-ല്‍ പാലക്കാട്ടെ നാറാണത്ത് കോഴിക്കോട് ഡിപ്പോയിലെ ബസ് തട്ടി ഒരാള്‍ മരിക്കാനിടയായ സംഭവത്തിലായിരുന്നു അത്. മണിക്കൂറുകളോളം നെറ്റിയിലൊട്ടിച്ച ജപ്തിനോട്ടീസുമായി ഈ ഹതഭാഗ്യന്‍ മഞ്ചേരി കോടതിക്കുമുന്‍പില്‍കിടന്നു. പിന്നെ മലപ്പുറം സ്റ്റേഷന്‍ ഓഫീസര്‍ കോടതിയിലെത്തി നഷ്ടപരിഹാരത്തുകയ്ക്ക് രണ്ടാഴ്ച സമയംചോദിച്ച് വൈകുന്നേരത്തോടെ മോചിപ്പിക്കുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സി.ക്ക് നല്ല വരുമാനമുള്ള സര്‍വീസാണ് മലപ്പുറം-ഗൂഡല്ലൂര്‍-ഊട്ടി സര്‍വീസ്. ജില്ലയില്‍നിന്നുള്ള ഏക അന്തഃസംസ്ഥാന സര്‍വീസുമാണിത്. ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കേണ്ടിവന്നാല്‍ വക്കീലന്മാര്‍ ഈ ബസ് ജപ്തിചെയ്യണമെന്ന് ആവശ്യമുന്നയിക്കും. അതുപ്രകാരം കോടതി ഉത്തരവുവരും. മലപ്പുറം ജില്ലയിലുള്ള പലര്‍ക്കും ഗൂഡല്ലൂരിലും ഊട്ടിയിലും കച്ചവടങ്ങളുണ്ട്. ഒട്ടേറേപ്പേര്‍ അവിടെനിന്നെല്ലാം വിവാഹം കഴിച്ചിട്ടുമുണ്ട്. ഇതൊക്കെകാരണം ഈ ബസ് മുടങ്ങിയാല്‍ കോര്‍പ്പറേഷന് നല്ല സമ്മര്‍ദമുണ്ടാവും. അതുകൊണ്ട് പണമടച്ച് വേഗം വണ്ടിയിറക്കും. ലക്ഷക്കണക്കിനു രൂപ ഇങ്ങനെ നഷ്ടപരിഹാരം നല്‍കി ഈ വണ്ടിയെ കോടതിയില്‍നിന്നിറക്കിയിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ ഇവനൊരു വി.ഐ.പി. തന്നെ. നേരത്തേയൊക്കെ അപ്രതീക്ഷിതജപ്തിയില്‍ യാത്രക്കാര്‍ വലയാറുണ്ടായിരുന്നു. ആഴ്ചകളോളം യാത്രമുടങ്ങും. ഇതൊരു സ്ഥിരംപരിപാടിയായപ്പോള്‍ ഇപ്പോഴത്തെ സ്റ്റേഷന്‍ഓഫീസര്‍ അതിനൊരു പരിഹാരംകണ്ടു. നിലമ്പൂരില്‍ അന്തഃസംസ്ഥാന പെര്‍മിറ്റുള്ള ഒരു ബസ് എപ്പോഴും തയ്യാറാക്കി നിര്‍ത്തും. ജപ്തിയായാല്‍ മലപ്പുറത്തുനിന്നുള്ള യാത്രക്കാരെ ഊട്ടി ബോര്‍ഡും വെച്ച് മറ്റൊരു ബസില്‍ നിലമ്പൂരിലെത്തിക്കും. അവിടെനിന്ന് ഒരുക്കിനിര്‍ത്തിയ ബസ്സില്‍ ഊട്ടിയിലേക്കും. എന്നിട്ട് സ്റ്റേഷന്‍ ഓഫീസര്‍ക്കൊരു നില്‍പ്പുണ്ട്, ‘നമ്മളോടാ കളി’ എന്ന മട്ടില്‍. ഇത്തവണയും ഊട്ടി ബസ്സിനെ കോടതി പിടിച്ചപ്പോള്‍ റിസര്‍വ് വണ്ടി ഊട്ടിക്കുവിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!